പെരിയ (കാസർകോട്): കല്യോട്ട് പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘം രൂപവത്കരണമായിരുന്ന ഞായറാഴ്ച നാടാകെ ഉത്സവലഹരിയിലായിരുന്നു. പതിനയ്യായിരത്തോളം പേർ പങ്കെടുത്ത പരിപാടിയിൽ സദ്യ വിളമ്പാനും മറ്റും ഓടിനടന്നതായിരുന്നു കൊല്ലപ്പെട്ട ശരത്തും കൃപേഷും.

വൈകീട്ട് ശരത്തിന്റെ വീട്ടുകാർ മുന്നാട് ജയപുരത്ത് വിവാഹസത്‌കാരത്തിന് പോയിരുന്നു. മൂന്നുനാല് ജീപ്പുകളിലായി പോയ ഇവർ സന്ധ്യയ്ക്ക് ഏഴരയോടെയാണ് കൂരാങ്കരയിൽ തിരിച്ചെത്തിയത്. ആദ്യസംഘത്തിന്റെ ജീപ്പ് എത്തുമ്പോൾ അസാധാരണമായി ഒന്നുമില്ല. അതിൽ നിന്നിറങ്ങിയവർ വീടുകളിലേക്കുപോയി.

പത്തുമിനിറ്റ് വ്യത്യാസത്തിൽ 7.40 ഓടെയാണ് ശരത്ത‌ിന്റെ സഹോദരി അമൃതയും അച്ഛന്റെ ജ്യേഷ്ഠൻ ദാമോദരനും ബന്ധുക്കളും അടങ്ങുന്ന രണ്ടാമത്തെ ജീപ്പ് വന്നു. അവർ കൂരങ്കരയിലെത്തിയപ്പോൾ കാണുന്നത് റോഡരികിൽ ഒരു ബൈക്ക് അല്പം ചെരിഞ്ഞ് നിൽക്കുന്നതും സമാന്തരമായി ശരത്ത് കിടക്കുന്നതുമാണ്. ബൈക്കപകടമാണെന്ന് അവർ കരുതി.

ഇരുട്ട് പരന്നുതുടങ്ങിയതിനാൽ വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ശരത്തിന്റെ സഹോദരി അമൃതയടക്കം ജീപ്പിലുണ്ടായിരുന്ന സ്ത്രീകളെ ദാമോദരൻ വീടുകളിലേക്ക് പറഞ്ഞുവിട്ട് ശരത്തിനെ പെട്ടെന്ന് കോരിയെടുത്തു. ഇവർ വന്ന ജീപ്പിൽ കയറ്റി. ‘‘എടുക്കുമ്പോൾത്തന്നെ ഒരു കാല് നഷ്ടപ്പെട്ടിരുന്നതായി തോന്നി. കഴുത്തിനും ആഴമുള്ള മുറിവ്. ഞാനെന്റെ കൈയിലെ തോർത്തുമുണ്ടുകൊണ്ട് മുറിവിൽ അമർത്തിപ്പിടിക്കാൻ നോക്കി. ചോര നിൽക്കുന്നില്ല. ഇടയ്ക്ക് ശരത്ത് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ശബ്ദം പുറത്തേക്ക് വരുന്നില്ല’’ -ദാമോദരൻ പറയുന്നു.

‘‘ജീപ്പിൽ പതിനഞ്ചുമിനിറ്റുകൊണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷ നൽകിയ അവർ നില ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് കൊണ്ടുപോകണമെന്ന് നിർദേശിച്ചു. ഉള്ളാളിൽ എത്തിയപ്പോഴേക്കും അവൻ ഒന്ന് ആഞ്ഞുവലിച്ചു. അത്രമാത്രം’’ -ദാമോദരൻ വിതുമ്പിക്കരഞ്ഞു. മരിച്ചെന്ന് വ്യക്തമായതോടെ നാട്ടിലേക്ക് തിരികെ പോന്നു.

കൃപേഷിനൊപ്പം ശരത്ത് പോകുന്നത് പലരും കണ്ടിരുന്നു. ശരത്തിന് വെട്ടേറ്റ വിവരം നാട്ടിൽ പരന്നതോടെ കൃപേഷിനുവേണ്ടി തിരച്ചിലായി. ഇതിനിടെയാണ് കൊളത്തിനാട് എന്ന സ്ഥലത്ത് വെട്ടേറ്റുകിടക്കുന്നത് കണ്ടത്. തലയുടെ പിൻഭാഗത്ത് വേട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

തൊട്ടുതലേന്നുവരെ നാട്ടിലും വീട്ടിലും സജീവമായി നടന്നിരുന്ന രണ്ടുചെറുപ്പക്കാർ കൊലക്കത്തിക്ക് ഇരയായെന്ന വിവരം ഉൾക്കൊള്ളാൻമാത്രം വലുപ്പമില്ല കല്യോട്ട് എന്ന കൊച്ചുഗ്രാമത്തിന്. പെരിയ ദേശീയപാതയിൽനിന്ന് പത്തുകിലോമീറ്ററോളം ഉള്ളിലേക്കാണ് ഈ ഗ്രാമം. ചെങ്കല്ലും കൃഷിയിടവും ഇടകലർന്ന പ്രദേശം. കാര്യമായ ബസ് സർവീസൊന്നുമില്ല. ഇടയ്ക്കിടെ വന്നുപോകുന്ന ഓട്ടോറിക്ഷയാണ് പ്രധാന ഗതാഗതമാർഗം.

ശരത്തിന്റെ വീടിരിക്കുന്ന കൂരാങ്കരയ്ക്ക് ഒന്നരക്കിലോമീറ്റർ അകലെ ടാറിങ് തീരും. കൊല നടന്നത് ഈ ടാറിങ് അവസാനിക്കുന്ന സ്ഥലത്താണ്. ബൈക്കിലായിരുന്നു ഇരുവരും. കൃപേഷാണ് ഓടിച്ചിരുന്നത്. പിന്നിലിരുന്ന ശരത്ത് ഇവിടെ വെട്ടേറ്റ് വീണു. കൃപേഷ് അല്പം അകലെ കൊളത്തിനാട് എന്ന സ്ഥലത്തും. വീട്ടിലേക്ക് അഭയംതേടി ഓടിയ കൃപേഷിനെ പിന്നാലെ ചെന്ന് വെട്ടി വീഴ്ത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു.

Content Highlights: kasargod murder, sarathlal's sister witnessed for his last minutes