പെരിയ (കാസർകോട്): കൃപേഷിന്റെ ആ ഒറ്റമുറിക്കൂരയ്ക്കുമുമ്പിൽ കെ.പി.സി.സി. അധ്യക്ഷൻ നിശ്ശബ്ദനായിനിന്നു. ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷം അദ്ദേഹം ശരത്തിന്റെ വീട്ടിലെത്തി. തിണ്ണയിലെ കസേരയിൽ നിശ്ശബ്ദമായി വിലപിക്കുകയായിരുന്നു അച്ഛൻ സത്യനാരായണൻ. മടിയിൽക്കിടന്ന് അലമുറയിടുകയായിരുന്നു സഹോദരി അമൃത. എന്തുപറയണമെന്നറിയാതെ സത്യനാരായണന്റെ തോളിൽ കൈവെച്ചുനിന്ന മുല്ലപ്പള്ളി വിതുമ്പിക്കരഞ്ഞു. പലതവണ കണ്ണുതുടച്ചു.

സ്വയം നിയന്ത്രിച്ചും ആശ്വാസവാക്കുകൾ പറഞ്ഞും അല്പസമയം ചെലവിട്ട് പുറത്തിറങ്ങി മാധ്യമപ്രവർത്തകരെ കണ്ടു. തുടർന്ന് അതുവരെ അടക്കിവെച്ചിരുന്ന സങ്കടം ദേഷ്യമായി പൊട്ടിത്തെറിച്ചു. ‘‘മരിച്ച രണ്ടുപേരുടെയും വീടുകൾ സന്ദർശിക്കണമെന്നാണ് എനിക്ക് മുഖ്യമന്ത്രിയോട് അഭ്യർഥിക്കാനുള്ളത്’’ -അദ്ദേഹം പറഞ്ഞു. ‘‘സി.പി.എം. തൊഴിലാളിവർഗ പാർട്ടിയാണെന്നാണ് പറയുന്നത്. കണ്ടില്ലേ, ഈ കൊല്ലപ്പെട്ടതൊക്കെ പാവപ്പെട്ട തൊഴിലാളികളാണ്. എന്നിട്ട്, തൊഴിലാളിവർഗ പാർട്ടിയാണുപോലും. നാണംകെട്ട പാർട്ടി’’ -മുല്ലപ്പള്ളി രോഷംകൊണ്ടു.

കൊല്ലാൻമാത്രം എന്തു കുറ്റമാണ് ഇവർ ചെയ്തത്? മുഖ്യമന്ത്രി പറയാറുണ്ടല്ലോ താൻ വളർന്ന ചുറ്റുപാടിനെപ്പറ്റി. അതിനേക്കാൾ ദരിദ്രചുറ്റുപാടിലാണ് ഇവരൊക്കെ വളർന്നത്. കൃപേഷിന്റെ അച്ഛൻ പറഞ്ഞു, കൂലിവേല ചെയ്താണ് മകനെ പോറ്റിയതെന്ന്. ഇവരുടെ നിലവിളി നിങ്ങൾ കാണുന്നില്ലേ? അമ്പതുവർഷമായി സി.പി.എം. തുടരുന്ന കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണം. വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് ഇവർ കൊല നടത്തുന്നത്. അവരെ പിടിച്ചതുകൊണ്ടായില്ല. ഗൂഢാലോചന നടത്തുന്നവരെ പിടിക്കണം. അത്തരത്തിലുള്ള ചെറിയ ചുവടുവെപ്പാണ് അരിയിൽ ഷുക്കൂർ വധം.

ടി.പി. ചന്ദ്രശേഖരന്റെ വധത്തിലും ഉന്നതനേതാക്കൾക്ക് പങ്കുണ്ടെന്ന് ഞാൻ അന്നേ പറഞ്ഞതാണ്. അതിന് എന്നെ വിമർശിച്ചു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ കഴിയാത്ത പാർട്ടിയാണ് സി.പി.എം. കോടിയേരി ബാലകൃഷ്ണൻ നടത്തുന്ന കേരള സംരക്ഷണ യാത്ര നിർത്തിവയ്ക്കണം -മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രാജ്മോഹൻ ഉണ്ണിത്താനും കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണനും ഒപ്പമായിരുന്നു അദ്ദേഹം ശരത്തിന്റെയും കൃപേഷിന്റെയും വീടുകൾ സന്ദർശിക്കാനെത്തിയത്.

കുടുംബത്തിന് കെ.പി.സി.സി. 25 ലക്ഷം വീതം നൽകും

കല്യോട്ട് വെട്ടേറ്റുമരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തിന്റെയും കൃപേഷിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ആദ്യഗഡുവായി പത്തുലക്ഷം രൂപ നൽകും. കെ.പി.സി.സി. നടത്തുന്ന ജനമഹായാത്രയിൽ പിരിഞ്ഞുകിട്ടുന്ന തുക ഇതിനായി വിനിയോഗിക്കും. ഇതിനുപുറമേ മാർച്ച് രണ്ടിന് ജില്ലാ യു.ഡി.എഫ്. തുക പിരിച്ചുനൽകും.

Content Highlights: kasargod murder, mullappally ramachandran visits victims homes