കാഞ്ഞങ്ങാട്/ പെരിയ: ഒന്നിച്ചുനടന്നു, ഒന്നിച്ചു മരിച്ചു, അന്ത്യവിശ്രമവും ഒന്നിച്ച്. വേർപിരിയാത്ത കൂട്ടുകാരായിരുന്ന കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരത്ത്‌ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങൾക്ക് ചിതയൊരുക്കിയത് അടുത്തടുത്ത്. നാട്ടുകാരുടെയും വീട്ടുകാരുടെയും ആഗ്രഹപ്രകാരമായിരുന്നു ഇത്. തിങ്കളാഴ്ച സന്ധ്യയോടെ അഗ്നിനാളങ്ങൾ ഇരുവരെയും ഏറ്റുവാങ്ങി.

ശരത്തിന്റെ അച്ഛൻ സത്യനാരായണന്റെ മൂത്ത സഹോദരൻ ഗോവിന്ദനാണ് ഇതിനായി രണ്ടുസെന്റ് സ്ഥലം വിട്ടുകൊടുത്തത്. ഈ സ്ഥലം പാർട്ടിക്കായി അദ്ദേഹം നൽകുകയായിരുന്നു. ഇവിടെ ഇവർക്ക് സ്മാരകം പണിയും. കല്ല്യോട്ട്-തന്നിത്തോട് റോഡരികിൽ ഇരുവരും വെട്ടേറ്റു മരിച്ച സ്ഥലത്തിനടുത്താണിത്.

വികാരനിർഭരമായിരുന്നു വിടവാങ്ങൽ. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ പലരും കുഴഞ്ഞുവീണു. കല്ല്യോട് ഗ്രാമം ഇതുവരെ കാണാത്തത്ര ജനമാണ് വൈകിയിട്ടും ഇവിടെ തടിച്ചുകൂടിയത്. ഇരുവരും പ്രവർത്തിച്ചിരുന്ന കല്ല്യോട്ട് യുവജന വാദ്യസംഘം പ്രവർത്തകരുടെ യാത്രാമൊഴി വേറിട്ടുനിന്നു.

ഒറ്റമുറി ഓലപ്പുരയായതിനാൽ കൃപേഷിന്റെ വീട്ടിലേക്ക് പ്രവർത്തകർ പോകരുതെന്ന് നേതാക്കൾ അഭ്യർഥിച്ചിരുന്നു.

കാസർകോട് ജനറൽ ആശുപത്രിയിൽനിന്ന് തിങ്കളാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചത്. പോസ്റ്റുമോർട്ടം കഴിഞ്ഞ് ഉച്ചയോടെ കോൺഗ്രസ് പതാക പുതപ്പിച്ച് വിലാപയാത്ര പുറപ്പെട്ടു. പയ്യന്നൂർ, തൃക്കരിപ്പൂർ, കാലിക്കടവ്, ചെറുവത്തൂർ, മയിച്ചയിൽ നീലേശ്വരം, കാഞ്ഞങ്ങാട്, മൂലക്കണ്ടം, പെരിയ എന്നിവിടങ്ങളിൽ മൃതദേഹം പൊതു ദർശനത്തിനുവെച്ചു.

രണ്ടു ആംബുലൻസുകളിലായാണ് മൃതദേഹം കൊണ്ടുവന്നത്. റോഡിൽ തടിച്ചു കൂടിയവർക്ക് കാണാനായി ആംബുലൻസ് പലയിടത്തും നിർത്തേണ്ടിയും വന്നു. കാഞ്ഞങ്ങാട് മാന്തോപ്പ്് മൈതാനത്ത്‌ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി., സെക്രട്ടറി ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി.വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി., കെ.സുധാകരൻ, യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, മുൻമന്ത്രിമാരായ കെ.സി. ജോസഫ്, എ.പി. അനിൽകുമാർ, എം.എൽ.എ.മാരായ ശബരീനാഥ്, അൻവർസാദത്ത്, ഷാഫിപറമ്പിൽ, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, വി.എ. നാരായണൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, മഹിളാകോൺഗ്രസ് നേതാക്കളായ ലതികാ സുഭാഷ്, സുമാബാലകൃഷ്ണൻ, മുസ്‌ലിം ലീഗ് നേതാക്കളായ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., മുൻമന്ത്രി സി.ടി. അഹമ്മദലി, എം.സി. ഖമറുദീൻ, മെട്രോമുഹമ്മദ് ഹാജി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

Content Highlights: kasargod murder,kripesh and saratlal funeral