kasargod double murder
ശരത്തിനേയും കൃപേഷിനേയും കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന വാള്‍ പരിശോധിക്കുന്നു

കണ്ണൂർ : പെരിയ ഇരട്ടക്കൊലയ്ക്കുപിന്നിൽ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചോയെന്ന്‌ പോലീസിന് സംശയം. സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരൻ അറസ്റ്റിലായെങ്കിലും ആസൂത്രിതമായി ഇത്തരം കൊലയ്ക്ക് നേതൃത്വം നൽകാൻ അയാൾക്ക് കഴിയില്ലെന്നാണ് പറയപ്പെടുന്നത്. പാർട്ടിയുടെ അറിവോടെയല്ലാതെ ഇത്തരം കൊലപാതകം നടത്താനാവില്ലെന്ന് പീതാംബരന്റെ കുടുംബം പരസ്യമായിത്തന്നെ പറഞ്ഞുകഴിഞ്ഞു.

കൊലനടന്ന സ്ഥലം, സമയം, കൊലപാതകത്തിന്റെ രീതി, വെട്ടിന്റെ പ്രത്യേകത, പ്രതികളെത്തിയ വാഹനം എന്നിവയൊക്കെ, പ്രത്യേകസംഘത്തെ കൊലയ്ക്ക് ഉപയോഗിച്ചെന്ന സംശയം ബലപ്പെടുത്തുന്നു. കൊല്ലപ്പെട്ട ഒരാളുടെ കഴുത്ത് അറ്റുപോയിരുന്നു. മറ്റൊരാളിന്റെ തലയോട്ടി വെട്ടേറ്റ് പിളർന്നു. കഴിഞ്ഞവർഷം കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ ശരീരത്തിലും ഒട്ടേറെ വെട്ടേറ്റിരുന്നു.

‘കില്ലർ ഗ്രൂപ്പു’കൾ

സംഘർഷത്തിന്റെ ഭാഗമായി യാദൃച്ഛികമായി നടക്കുന്ന കൊലകളല്ല കണ്ണൂരിലുംമറ്റും. പാർട്ടികളുടെ അറിവോടെ പ്രവർത്തകരോ പാർട്ടിനിയോഗിച്ച സംഘങ്ങളോ പണം നൽകിയുള്ള ക്വട്ടേഷൻസംഘങ്ങളോതന്നെ നടത്തുന്ന കൊലപാതകങ്ങളായിരുന്നു പലതും. ആർ.എസ്.എസിനും സി.പി.എമ്മിനും പോപ്പുലർ ഫ്രണ്ടിനുമെല്ലാം ഇത്തരം കൊലയാളിസംഘങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ അഭാവത്തിലാണ് ക്വട്ടേഷൻസംഘങ്ങൾ വരുന്നത്. വ്യാജപ്രതികളെ പോലീസിന് കൊടുക്കുകയും കേസ് തെളിവില്ലാതെ തള്ളിപ്പോവാനിടയാക്കുകയും ചെയ്യും. വർഷങ്ങൾക്കുമുന്പ് കണ്ണൂരിൽ ഒരു ഡി.സി.സി അംഗത്തിന്റെ കാൽ അടിച്ച് തകർത്തതിനുപിന്നിൽ സ്വന്തം പാർട്ടിയിലെ മറ്റൊരു നേതാവിന്റെ ക്വട്ടേഷനാണെന്ന് പരാതിയുണ്ടായിരുന്നു.

തിരിച്ചടിക്കാൻ അരമണിക്കൂർമാത്രം

ക്വട്ടേഷൻസംഘങ്ങൾ ഇപ്പോഴും നിലവിലുണ്ട്. ഒരുസംഭവം നടന്നാൽ അരമണിക്കൂറിനകം തിരിച്ച് കൊലനടത്തണമെങ്കിൽ അത്തരം സംഘങ്ങൾക്കേ കഴിയൂ. കണ്ണൂരിൽ ഒരുപാട് ഉദാഹരണങ്ങൾ കാണാം. പാർട്ടിക്കാരാവുമ്പോൾ എളുപ്പം പിടിക്കപ്പെടുന്നതുകൊണ്ടാണ് ക്വട്ടേഷൻ സംഘങ്ങളെ നിയോഗിക്കുന്നത്.

കാൽ തകർക്കൽ

വട്ടിപ്പലിശ ഗുണ്ടാസംഘങ്ങൾ, മദ്യക്കടത്തുകാർ, കോഴിക്കടത്തുകാർ തുടങ്ങിയ സംഘങ്ങളെ പലപ്പോഴും രാഷ്ട്രീയക്കാർ പണംനൽകി ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാർട്ടികൾ പരിശീലനം നൽകിയ സംഘങ്ങളും കണ്ണൂരിൽ ഉണ്ടായിരുന്നു. ഭീഷണിയാവുന്ന എതിരാളികളുടെ കാൽ തകർക്കലായിരുന്നു ഇവരുടെ രീതി. അക്രമത്തിനിടെ അബദ്ധത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസുമുണ്ടായി. അക്കാലത്ത് ഒട്ടേറെപ്പേർക്ക് പരിശീലനം ലഭിച്ചു. കണ്ണൂരിൽ കളരിയുടെ മറവിൽ പലസ്ഥലത്തും കൊലയാളികൾക്ക് പരിശീലനംനൽകി. ചില സംഘങ്ങൾ കാസർേകാട്. കോഴിക്കോട്, തൃശ്ശൂർ തുടങ്ങിയ ജില്ലകളിലേക്കും അക്രമം നടത്താനായി പോയിരുന്നു. കണ്ണൂരിൽത്തന്നെ എതിരാളികളെ തട്ടിക്കൊണ്ടുവന്ന് പ്രത്യേക കേന്ദ്രത്തിലിട്ട് ഭീകരമായി മർദിച്ചിരുന്നു.

സർജിക്കൽ ബ്ലേഡും

സംഘങ്ങൾ ഇപ്പോൾ പ്രത്യേക ആയുധങ്ങൾ ഉപയോഗിക്കുന്നു. എളുപ്പം മാരകമുറിവേൽപ്പിക്കാനും എളുപ്പത്തിൽ കൊണ്ടുനടക്കാനും പറ്റിയ ആയുധങ്ങളാണിവ. പഴ്‌സിൽ കൊണ്ടുനടക്കാവുന്ന സർജിക്കൽ ബ്ലേഡുകൾ കണ്ണൂരിൽ ഉപയോഗിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കുംമറ്റും ഉപയോഗിക്കുന്ന ഇവ ഉപയോഗിച്ച് ഒറ്റവലിയിൽ വയർപിളർത്തി കൊല്ലാൻപറ്റും. കഴുത്തിൽ അമർത്തി വലിച്ചാൽ മരണം ഉറപ്പ്.

പ്രതികൾക്ക് സംരക്ഷണം

തുടക്കത്തിൽ പ്രതികളെ തള്ളിപ്പറഞ്ഞാലും പിന്നീട് അവർ ആരുമറിയാതെ സംരക്ഷിക്കപ്പെടും. അവർക്കായി ഫണ്ട് ശേഖരണം, ബന്ധുക്കൾക്ക് ജോലി, ജയിലിൽ പ്രത്യേക സൗകര്യം എന്നിവ രാഷ്ട്രീയകക്ഷികൾ ഒരുക്കും.

content highlights: kasargod double murder, political murders, periya double murder