തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസിൽ സി.പി.എം. മുന്നണിക്കുള്ളിലും ഒറ്റപ്പെടുന്നു. കൊലപാതകത്തിന്റെ പേരുദോഷം തീർക്കേണ്ട ബാധ്യത സി.പി.എമ്മിന് മാത്രമാണെന്ന നിലപാടാണ് ഘടകകക്ഷികൾക്ക്. സി.പി.ഐ. നേതാവുകൂടിയായ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചത് ഈ രാഷ്ട്രീയസന്ദേശംകൂടി വ്യക്തമാക്കിയാണ്.

മുന്നണിക്കകത്തെ വെടിനിർത്തൽ

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തയിൽ സി.പി.എം-സി.പി.ഐ. ‘വെടിനിർത്തൽ’ ധാരണയിലാണ്. മുന്നണിക്ക് ദോഷകരമാകുന്ന എതിർശബ്ദങ്ങളുണ്ടാകരുതെന്നാണ് ധാരണ. ശബരിമലവിഷയത്തിലെ കടുംപിടിത്തം, എൻ.എസ്.എസിനോടുള്ള നിലപാട് എന്നിവയിലെല്ലാം സി.പി.ഐ.ക്കുള്ളിൽ എതിരഭിപ്രായങ്ങളുണ്ട്. എന്നാൽ, ഇതൊന്നും പുറത്തറിയിക്കാതെ സർക്കാരിനൊപ്പം നിൽക്കാൻ കാനം തയ്യാറായത് അതുകൊണ്ടാണ്.

സർക്കാരിനെ എൻ.എസ്.എസ്. അടക്കമുള്ള സമുദായസംഘടകളും ബി.ജെ.പി.യും കോൺഗ്രസും ഒന്നിച്ചാക്രമിച്ചപ്പോൾ, ഒറ്റക്കെട്ടായി പ്രതിരോധിക്കാനും ഇടതുമുന്നണിയിലെ എല്ലാകക്ഷികളും രംഗത്തിറങ്ങി. എൻ.എസ്.എസ്. എതിർപക്ഷത്തുണ്ടായിട്ടും ബാലകൃഷ്ണപിള്ള ഒപ്പംനിന്നതും മുന്നണി ഐക്യത്തിന്റെ കരുത്തായിരുന്നു.

പാപഭാരം ചുമക്കാൻ തയ്യാറാകാതെ ഘടകകക്ഷികൾ

എന്നാൽ, പെരിയ ഇരട്ടക്കൊലപാതകത്തിൽ ഘടകകക്ഷികൾക്കൊന്നും ഈ നിലപാടില്ല. കൊലപാതകത്തെ അപലപിച്ചും പ്രതികളെ പൂർണമായും തള്ളിയും സി.പി.എം. സ്വീകരിച്ച നിലപാടിനെ അവർ സ്വാഗതംചെയ്യുന്നു. പക്ഷേ, ജാഥയുടെ അജണ്ടപോലും മാറ്റിയ കൊലപാതകത്തിന്റെ പാപഭാരം ചുമക്കാൻ അവർ തയ്യാറല്ല. ഈ സ്ഥിതി മാറാൻ കാത്തിരിക്കുകയും വിമതശബ്ദങ്ങളുയരാതിരിക്കാൻ ‘നിശബ്ദത’ പാലിക്കുകയും ചെയ്യുകയെന്നതാണ് ഘടകകക്ഷികൾ സ്വീകരിക്കുന്ന നിലപാട്.

പക്ഷേ, അതേപോലെ മാറിനിൽക്കാൻ മുന്നണിയിലെ രണ്ടാംകക്ഷിയെന്ന നിലയിൽ സി.പി.ഐ.ക്കാവില്ല. പാർട്ടിക്ക് എം.എൽ.എ.യും മന്ത്രിയുമുള്ള ഒരുജില്ലയെന്ന നിലയിൽ പ്രത്യേകിച്ചും. കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാതെ മാറിനിന്നാൽ കുറ്റത്തിന്റെ പങ്കുപറ്റുന്നതിന് തുല്യമാകുമെന്ന നിലപാടാണ് സി.പി.ഐ. സ്വീകരിച്ചത്.

സി.പി.എം. മാത്രമല്ല സർക്കാർ

സി.പി.എം. മാത്രമല്ല സർക്കാർ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക കൂടിയാണ് ചന്ദ്രശേഖരന്റെ സന്ദർശനത്തിന്റെ ദൗത്യം. സർക്കാർ പ്രതിനിധിയായാണ് സന്ദർശിച്ചതെന്ന് അദ്ദേഹം പറയുകയും ചെയ്തു. കാസർകോട് സംഭവത്തെക്കുറിച്ച് ചന്ദ്രശേഖരൻ ആദ്യം നടത്തിയ പ്രതികരണവും സി.പി.എമ്മിനെതിരെ മുനവെച്ചുള്ളതായിരുന്നു. സംഭവത്തിന് പിന്നിൽ ആരായാലും അവർ വകതിരുവോടെ പെരുമാറണ്ടേിയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ഷുഹൈബിന്റെ വീട്ടിൽ കയറാത്ത മന്ത്രിമാർ

കണ്ണൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ടപ്പോൾ ഈ രീതി ഘടകകക്ഷികൾ സ്വീകരിച്ചിരുന്നില്ല. മുഖ്യമന്ത്രിയടക്കം കണ്ണൂരിൽ നാലുമന്ത്രിമാരുണ്ടായിട്ടും ഒരാൾപോലും കൊലപാതകം കഴിഞ്ഞുള്ള ദിവസങ്ങളിൽ ഷുഹൈബിന്റെ വീട് സന്ദർശിക്കാൻ തയ്യാറായില്ല. സർക്കാർ അപലപിച്ച കൊലപാതകമായിരുന്നു ഷുഹൈബിന്റേതും. കോൺഗ്രസ് (എസ്) നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളിപോലും ഷുഹൈബിന്റെ വീട് സന്ദർശിച്ചില്ല. ഇരട്ടക്കൊലപാതകം നടന്ന പയ്യന്നൂരിലും മാഹിയിലും കൊല്ലപ്പെട്ട സി.പി.എം. പ്രവർത്തകരുടെ വീടുകൾമാത്രമാണ്, മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിച്ചത്.

മന്ത്രിയുടെ സന്ദർശനം തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് സി.പി.എം. നേതാക്കൾ. സന്ദർശനം നല്ല സന്ദേശം നൽകുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ മുന്നണി കൺവീനർ എ. വിജയരാഘവൻ പിന്നീട്, തിരുത്തിയത് അതുകൊണ്ടാണ്. സി.പി.ഐ.യുടെ നടപടി തെറ്റാണെന്ന് മറ്റ് ഘടകകക്ഷികൾക്ക് അഭിപ്രായവുമില്ല. സർക്കാർ ഇരകൾക്കൊപ്പമാണെന്ന തോന്നലല്ലേ ചന്ദ്രശേഖരന്റെ സന്ദർശനത്തിലൂടെ ഉണ്ടായതെന്നാണ് അവരുടെ പ്രതികരണം.

content highlights: kasargod double murder, ldf, udf,cpm, cpi