കാസർകോട്: പെരിയ കല്യോട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന് യൂത്ത്കോൺഗ്രസ് സംസ്ഥാനകമ്മിറ്റി പത്തുലക്ഷം രൂപ വീതം നൽകും. കൃപേഷിന്റെ കുടുംബത്തിന് എം.എൽ.എ. ഹൈബി ഈഡൻ വീട്‌ നിർമിച്ചുനൽകുമെന്ന് പറഞ്ഞിട്ടുണ്ട്.

സംഭവത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. സംസ്ഥാനപോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒരുവർഷത്തിനിടെ മൂന്ന്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങൾക്കൊക്കെ ഒരേ ശൈലിയാണ്. രണ്ടിടത്തും ആയുധപരിശീലനം ലഭിച്ച സി.പി.എമ്മിന്റെ കണ്ണൂരിലെ കൊലപാതകസംഘമാണ് കൃത്യംചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രത്യക്ഷസമരം തുടങ്ങും. ഇതിന്റെ ഭാഗമായി 23-ന് സംസ്ഥാനവ്യാപകമായി എസ്.പി. ഓഫീസ് മാർച്ച് നടത്തും. നേതാക്കളായ സി.ആർ. മഹേഷ്, ശ്രാവൺ റാവു, സാജിദ് മൗവൽ, ജോഷി കണ്ടത്തിൽ, ശ്രീജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

content highlights: kasargod double murder