കാഞ്ഞങ്ങാട്: കല്യോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചുവെന്ന് കരുതുന്ന മൂന്നുവാഹനങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടെത്തി. കാറിൽ രക്തക്കറയുണ്ടായിരുന്നു. ഇതിനകത്തുനിന്ന് ഒരു സെൽഫോണും അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടി.

കൊലനടന്ന താനിത്തോട്-കൂരാങ്കര റോഡിലെ കണ്ണാടിപ്പാറയിൽനിന്ന് അരക്കിലോമീറ്റർ ചുറ്റളവിൽനിന്നാണ് വാഹനങ്ങൾ കണ്ടെടുത്തത്. കാറുകൾ രണ്ടും റബ്ബർത്തോട്ടത്തിലും ജീപ്പ് ഈ പ്രദേശത്തെ ഒരു വീടിന്റെ സമീപത്തുമാണ് നിർത്തിയിട്ടിരുന്നത്. കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ചാംപ്രതി ഗിജിന്റെ പിതാവ് ശാസ്താ ഗംഗാധരന്റെ ഉടമസ്ഥതയിലുള്ളതാണ് ജീപ്പും ഒരു കാറും. ഗംഗാധരന്റെ മരുമകൻ അരുൺകുമാറിന്റെ പേരിലുള്ളതാണ് രണ്ടാമത്തെ കാർ.

ഗംഗാധരന്റെ വീടിന്റെ പടിഞ്ഞാറുഭാഗത്താണ് കാറുകൾ കണ്ടെത്തിയ റബ്ബർത്തോട്ടം. ജീപ്പ്, ആറാംപ്രതി ആർ. ശ്രീരാഗിന്റെ മുത്തച്ഛന്റെ വീടിനടുത്താണ് കണ്ടെത്തിയത്. കൊലനടന്ന 17-ന് രാത്രി ഒമ്പതുമണിയോടെ ശാസ്താ ഗംഗാധരനാണ് ഈ ജീപ്പ് ഇവിടെ കൊണ്ടിട്ടതെന്ന് വീട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴിനൽകി.

കാറുകൾ കണ്ടെത്തിയ സ്ഥലത്ത് സ്വർണനിറത്തിലുള്ള ഒരു സ്റ്റീൽവള പൊട്ടിച്ചിട്ട നിലയിൽ കണ്ടെത്തി. പാക്കം വെളുത്തോളിചാൽ എന്ന സ്ഥലത്തെ ഒഴിഞ്ഞപറമ്പിൽനിന്ന് ഒരു കാറും ജീപ്പും ആദ്യം കേസന്വേഷിച്ച ലോക്കൽ പോലീസിലെ പ്രത്യേകസംഘം കണ്ടെത്തിയിരുന്നു. ഈ ജീപ്പും ശാസ്താ ഗംഗാധരന്റേതാണ്. ക്രൈംബ്രാഞ്ച് എസ്.പി. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച കല്യോട്ടെ ഒട്ടേറെപ്പേരിൽനിന്ന് മൊഴിയെടുത്തു. കണ്ടെത്തിയ വാഹനങ്ങൾ ഫൊറൻസിക് വിദഗ്ധരെത്തി പരിശോധിച്ചു.

സി.പി.എം. ഏരിയാസെക്രട്ടറിയുടെ പങ്കും അന്വേഷിക്കുന്നു

കാഞ്ഞങ്ങാട്: കൊലപാതകവുമായി സി.പി.എം. ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠന് ബന്ധമുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. മണികണ്ഠനെതിരേ ഒന്നാംപ്രതി പീതാംബരൻ മൊഴിനൽകിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

എന്നാൽ, തനിക്കെതിരായി ഉയരുന്നത് വെറും ആരോപണങ്ങൾ മാത്രമാണെന്ന് മണികണ്ഠൻ ‘മാതൃഭൂമി’യോടു പറഞ്ഞു. പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനുപിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയുണ്ടെന്നും മണികണ്ഠൻ പ്രതികരിച്ചു.

ബുധനാഴ്ച നടന്ന സി.പി.എം. സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച മുഴുവൻ കല്യോട്ടെ കൊലപാതകവും തുടർദിവസങ്ങളിൽ പാർട്ടിക്കുനേരെ ഉയരുന്ന ആരോപണങ്ങളുമായിരുന്നു. ആരോപണങ്ങളെ പ്രതിരോധിക്കാൻ അണികളെ ശക്തിപ്പെടുത്താനുള്ള തീരുമാനമാണ് യോഗം കൈക്കൊണ്ടതെന്നറിയുന്നു.

Content Highlights: Kasararagod Double Murder vehicle found in Rubber plantation