കാഞ്ഞങ്ങാട്: കാസർകോട് കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടിൽ പീതാംബരന് നേരിട്ട് പങ്കുണ്ടെന്ന് പോലീസ്. കൃപേഷിനെ വെട്ടിയത് പീതാംബരനാണെന്നും പോലീസ് പറഞ്ഞു. പീതാംബരനെ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഏഴുദിവസം പോലീസ് കസ്റ്റഡിയിൽവിട്ടു. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച നിഷ്ഠുരകൊലയാണ് നടന്നതെന്ന് മജിസ്ട്രേറ്റ് കെ. വിദ്യാധരന്റെ ഉത്തരവിൽ പറയുന്നു.

ഗൂഢാലോചനക്കുറ്റമായിരുന്നു പോലീസ് ആദ്യം ചുമത്തിയത്. എന്നാൽ, തുടർച്ചയായ ചോദ്യംചെയ്യലിൽ കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളതായും കൃപേഷിനെ തലയ്ക്കുവെട്ടി കൊലപ്പെടുത്തിയത് താനാണെന്നും പീതാംബരൻ സമ്മതിച്ചെന്ന് പോലീസ് പറയുന്നു.

കൃപേഷ് ഓടിച്ചിരുന്ന ബൈക്കിൽ ശരത്ത്‌ലാൽ പിന്നിലിരിക്കുകയായിരുന്നു. ശരത്തിനെ വെട്ടിവീഴ്ത്തിയതോടെ കൃപേഷ് ഓടി. പിന്നാലെച്ചെന്ന് വെട്ടിവീഴ്ത്തുകയായിരുന്നുവെന്നാണ് മൊഴിയുടെ ചുരുക്കം.

കൃപേഷും ശരത്ത്‌ലാലും ഉൾപ്പെട്ട സംഘം തന്നെ ആക്രമിച്ച സംഭവത്തിൽ പാർട്ടി ഇടപെട്ടില്ലെന്നും അതിൽ നിരാശയുണ്ടായിരുന്നെന്നും പീതാംബരന്റെ മൊഴിയിൽ പറയുന്നു. ഒരു ലോക്കൽ കമ്മിറ്റി അംഗമെന്ന പരിഗണനപോലും കിട്ടാതെവന്നതോടെയാണ് തിരിച്ചടിക്കാൻ തീരുമാനിച്ചത്. അപമാനം സഹിക്കാൻ കഴിയാഞ്ഞതുമൂലം കൊല ആസൂത്രണം ചെയ്തതായും പീതാംബരൻ മൊഴിനൽകി.

പീതാംബരനെ ബുധനാഴ്ച ഉച്ചയോടെ കല്ല്യോട്ട് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് ഇരുമ്പുദണ്ഡും പിടിയില്ലാത്ത ഒരു വടിവാളും കണ്ടെത്തി. ഇവയിലെല്ലാം ചോരപുരണ്ടിരുന്നു. കൊല നടന്ന സ്ഥലത്തിനടുത്തുള്ള കണ്ണാടിപ്പാറയിൽ റബ്ബർത്തോട്ടത്തിലെ പൊട്ടക്കിണറ്റിൽനിന്നാണ് ഇവ കണ്ടെത്തിയത്. സി.പി.എം. അനുഭാവിയും ക്വാറി ഉടമയുമായ ശാസ്താ ഗംഗാധരന്റേതാണ് തോട്ടം. കൊലനടന്ന സ്ഥലത്തുനിന്ന് വടിവാളിന്റെ പിടി നേരത്തേ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിരുന്നു.

കണ്ണൂർ ജില്ലയിലെ ആലക്കോട് സ്വദേശിയും ഇപ്പോൾ പെരിയയിൽ താമസക്കാരനുമായ പെയിന്റിങ് തൊഴിലാളി, കൊലപാതകം നടന്ന സ്ഥലത്തിനടുത്ത്‌ താമസിക്കുന്ന യുവാവ് എന്നിവരുൾപ്പടെ ഏഴുപേരടങ്ങുന്ന സംഘത്തിലെ മറ്റെല്ലാവരും കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. വൈദ്യപരിശോധന അടക്കമുള്ള നടപടികൾ പോലീസ് പൂർത്തിയാക്കിവരികയാണ്.

content highlights: kasaragod double murder, CPIM, A Peethambaran