കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത് സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ. കൃത്യംനടന്ന ദിവസം വൈകുന്നേരമായിരുന്ന ഗൂഢാലോചന.

ഒന്നാംപ്രതിയും സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവുമായ പീതാംബരനും കൂട്ടുപ്രതികളും പാർട്ടി ഓഫീസിൽ ഒത്തുകൂടി. നേരത്തേ ഇവിടെ നടന്ന ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ പീതാംബരൻ ഈ വിഷയം സംസാരിച്ചിരുന്നു. തന്റെ കൈയൊടിച്ചവരോട് പ്രതികാരം ചെയ്യാൻ കൂടെ നിന്നില്ലെങ്കിൽ പാർട്ടിയിൽനിന്ന് രാജിവെക്കുമെന്ന് മുന്നറിയിപ്പും നൽകി.

ആലോചിച്ച് കാര്യങ്ങൾ ചെയ്യാമെന്ന ഉറപ്പാണ് പാർട്ടി പ്രാദേശിക നേതൃത്വത്തിൽനിന്ന് പീതാംബരന് കിട്ടിയത്. ഇതിൽ തൃപ്തനാകാതിരുന്ന പീതാംബരൻ കൂട്ടുപ്രതികളുമായി പാർട്ടി ഓഫീസിൽതന്നെ ഗൂഢാലോചന നടത്തുകയായിരുന്നു.

തീരുമാനമെടുത്തശേഷം കേസിലെ രണ്ടാം പ്രതി സജി സി. ജോർജ് താത്‌കാലികമായി തങ്ങാറുള്ള പാർട്ടി ഓഫീസിന് തൊട്ടടുത്തുള്ള മുറിയിലെത്തി ആയുധങ്ങളെടുത്തു. അപ്പോഴേക്കും നേരത്തേ ഫോണിൽ പറഞ്ഞതനുസരിച്ച് അനിൽകുമാറും സുരേഷും വന്നു. സന്ധ്യയായപ്പോൾ എല്ലാവരും ചേർന്ന് കൃപേഷും ശരത്ത് ലാലും സഞ്ചരിച്ച റോഡരികിലെ കാട്ടിൽ പതുങ്ങി നിന്നു.

ഇതിനിടെ പീതാംബരൻ ബൈക്കെടുത്ത് റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോയി. ഇത് ശരത്ത്‌ലാലും കൃപേഷും എവിടെ ഉണ്ടെന്ന് അറിയാനായിരുന്നു. ബൈക്ക് തൊട്ടടുത്തുള്ള ശാസ്താഗംഗാധരന്റെ വീട്ടിൽവെച്ചു. തിരിച്ചുവന്ന് മറ്റു അക്രമികൾക്കൊപ്പം പീതാംബരനും കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്നു. ശരത്ത്‌ലാലും കൃപേഷും എത്തിയപ്പോൾ ബൈക്ക് തടഞ്ഞു നിർത്തുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

content highlights: kasaragod double murder, CPIM, Congress