തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്.) ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും (ജൂനിയർ ടൈംസ് സ്കെയിൽ) നിശ്ചയിച്ചു. അടിസ്ഥാന ശമ്പളം 81,800 രൂപ (ഫിക്‌സഡ്) ആയിരിക്കും.

അനുവദനീയമായ ഡി.എ., എച്ച്.ആർ.എ. എന്നിവയും 10 ശതമാനം ഗ്രേഡ് പേയും അനുവദിക്കും. പരിശീലന കാലയളവിൽ അടിസ്ഥാനശമ്പളമായി നിശ്ചയിച്ച 81,800 രൂപ കൺസോളിഡേറ്റഡ് തുകയായി അനുവദിക്കും.

മുൻസർവീസിൽനിന്ന് കെ.എ.എസിൽ പ്രവേശിക്കുന്നവർക്ക് പരിശീലന കാലയളവിൽ അവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതൽ അത് അനുവദിക്കും.

പരിശീലനം പൂർത്തിയായി ജോലിയിൽ പ്രവേശിക്കുമ്പോൾ മുൻസർവീസിൽനിന്നു വിടുതൽ ചെയ്തുവരുന്ന ജീവനക്കാർ ഈ തീയതിയിൽ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളത്തെക്കാൾ കൂടുതലാണെങ്കിൽ കൂടുതലുള്ള ശമ്പളം അനുവദിക്കും.

പുതുതായി നിയമനം ലഭിച്ച കെ.എ.എസ്. ഉദ്യോഗസ്ഥരുടെ പരിശീലനം തുടങ്ങേണ്ട സാഹചര്യത്തിലാണ് അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മന്ത്രിസഭ നിശ്ചയിച്ചത്. 18 മാസത്തെ പരിശീലനമാണ് ഉണ്ടാവുക. ഒരുവർഷം പ്രീ സർവീസ് പരിശീലനവും സർവീസിൽ പ്രവേശിച്ച് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനു മുൻപ് ആറുമാസത്തെ പരിശീലനവും ഉണ്ടാവും. ഐ.എം.ജി. വഴി ആദ്യഘട്ട പരിശീലനം ആരംഭിക്കും.

കെ.എ.എസ്. ഉദ്യോഗസ്ഥർക്ക് അണ്ടർ സെക്രട്ടറിയുടെയും ഹയർഗ്രേഡുകാരുടെയും ഇടയിലുള്ള സ്കെയിലാണ് നിശ്ചയിച്ചിട്ടുള്ളത്. അണ്ടർ സെക്രട്ടറി ഹയർഗ്രേഡിന് ശമ്പളസ്കെയിൽ 95,600-1,53,200 രൂപയാണ്. അണ്ടർ സെക്രട്ടറിയുടേത് 63,700-1,23,700 രൂപയും. െഡപ്യൂട്ടി കളക്ടർക്കും ഇതേ ശമ്പള സ്കെയിലാണ്.

Content Highlights: KAS grade