തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് നടത്തിയിരുന്ന 140 പേർക്കുള്ള പ്രതിമാസ ചിട്ടിയിൽ ഒരാൾ‍ എടുത്തത് 100 കുറി. പെരിങ്ങോട്ടുകരയിലെ അനിൽ എന്നയാളുടെ പേരിലാണ് 201 മുതൽ 300 വരെയുള്ള കുറികളുള്ളത്. 10 ലക്ഷം സലയുള്ള ഈ ചിട്ടിയിലെ ആദ്യത്തെ 30 കുറികളും വിളിച്ചെടുത്തു. വിളിക്കാത്ത 70 ചിട്ടികളിൽ അടച്ച പ്രതിമാസ സല നിക്ഷേപമാണെന്നു കാണിച്ച് ഇൗടുനൽകി അഞ്ച് കോടിയിലേറെ വായ്പയെടുത്തിട്ടുമുണ്ട്. അബ്കാരിയായ അനിൽ ബാങ്കിൽനിന്ന് കൈപ്പറ്റിയത് 13 കോടിയോളമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

100 അംഗങ്ങളെ ചേർക്കാവുന്ന മറ്റൊരു ചിട്ടിയിൽ പാലയ്ക്കൽ സ്വദേശി അനിൽ എന്ന സുഭാഷ് ചേർന്നത് 50 കുറികളാണ്. 21 എണ്ണം വിളിച്ചു. 15 കുറികൾ ഈടുവെച്ച് രണ്ടു കോടിയോളം വായ്പയെടുത്തു.

പണയമായി നൽകിയിരിക്കുന്നത് ബാങ്ക് പ്രവർത്തനപരിധിക്ക് പുറത്ത് ചാലക്കുടി മേലൂരിലുള്ള തുച്ഛമായ വിലയുള്ള ഭൂമിയാണ്. ഇൗടുവെച്ച് കുറികൾ പിന്നീട് വിളിച്ചതായും കണ്ടെത്തി. വായ്പയ്ക്ക് ഇൗടായി നൽകിയിരുന്ന കുറികളിൽ 2018 സെപ്റ്റംബറിനുശേഷം പ്രതിമാസ തുക അടച്ചിട്ടുമില്ല. വ്യവസ്ഥകൾ ലംഘിച്ചാണിതൊക്കെ നടന്നത്.