തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്കിലെ ക്രമക്കേടും അഴിമതിയും വിജിലൻസ് അന്വേഷിക്കുന്നതിന് ശുപാർശചെയ്ത് സഹകരണ ജോയിന്റ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ട് പൂഴ്‌ത്തി. 2020 ഒക്ടോബർ 19-നാണ് തൃശ്ശൂർ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ സഹകരണവകുപ്പിന് ശുപാർശ നൽകിയത്. ബാങ്കിൽ വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജോയിന്റ് രജിസ്ട്രാറെ 2019-ൽ നിയമിച്ചത്. പ്രാഥമികാന്വേഷണത്തിലാണ് നാലുപേർമാത്രം ബാങ്കിൽനിന്ന് 100 കോടി തട്ടിയെടുത്തതായി കണ്ടെത്തിയത്.

നാലുപതിറ്റാണ്ടിലേറെയായി സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിൽ അഴിമതിയുണ്ടെന്നും പ്രസിഡന്റും ഭരണസമിതിയും അറിഞ്ഞുകൊണ്ടാണിതെന്നുമാണ് റിപ്പോർട്ട്. അഴിമതിയുടെ വ്യാപ്‌തി വലുതാണെന്നും അതിനാൽ ഉടൻ വിജിലൻസ് അന്വേഷണത്തിന് വിടണമെന്നുമായിരുന്നു ശുപാർശ.

ബാങ്കിലെ രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ജോയിന്റ് രജിസ്ട്രാർ തെളിവെടുപ്പ് നടത്തി അഴിമതി കണ്ടെത്തിയത്. രേഖകളില്ലാതെയും കംപ്യൂട്ടറിൽ കൃത്രിമം നടത്തിയും ഇതിലേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അത്‌ കണ്ടെത്താനായി വിദഗ്ധരുടെയും സാങ്കേതികപരിജ്ഞാനമുള്ളവരുടെയും സേവനം തേടണമെന്നും അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. അഴിമതിയുടെ വ്യാപ്തി വലുതായതിനാൽ അന്വേഷണം പ്രത്യേക ഏജൻസിക്ക് വിടണമെന്നും ശുപാർശ ചെയ്തിരുന്നു.

കംപ്യൂട്ടർ സോഫ്റ്റ്‍വേറിൽ മാറ്റം വരുത്തി വ്യാജ ഇടപാട് നടത്തിയെന്നും പ്രധാനരേഖകളും തെളിവുകളും നശിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌ക് ഫോറൻസിക് വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ശുപാർശയിലുണ്ടായിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് പത്തുമാസം കഴിഞ്ഞും നടപടിയുണ്ടായില്ല. അഴിമതി തുടരുന്നത് കണ്ടതിനെത്തുടർന്ന് ബാങ്ക് സെക്രട്ടറി നൽകിയ പരാതിയിലാണ് ഇൗയിടെ പോലീസ് കേസെടുത്തത്.

ബാങ്ക് പരിധിയില്‍ ഭൂമിയില്ലാതെ വായ്പയെടുത്തവര്‍ 246, കണ്ടെത്താനാകാത്ത വായ്പക്കാര്‍ 13

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കിന്റെ പ്രവര്‍ത്തനപരിധിയുടെ പുറത്തുള്ള ഭൂമി ഈടുവെച്ച് കോടികള്‍ വായ്പയെടുത്തത് 246 പേര്‍. ഇവരില്‍ 52 പേര്‍ ഒഴികെ എല്ലാവരും 50 ലക്ഷം രൂപ വായ്പയെടുത്തവരാണ്. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് നോട്ടീസുകള്‍ അയച്ചതില്‍ മേല്‍വിലാസമില്ലെന്ന് കണ്ടെത്തിയത് 130 പേര്‍ക്ക്. ഇതില്‍ 14 പേര്‍ ഒഴികെ എല്ലാവരും 50 ലക്ഷം വീതം വായ്പയെടുത്തവരാണ്.

ബാങ്കില്‍നിന്ന് വായ്പയെടുക്കുന്ന സമയത്ത് ബാങ്ക് പ്രവര്‍ത്തനപരിധിയിലെ വ്യാജ മേല്‍വിലാസം നല്‍കിയാണ് ഇടപാട് നടത്തിയത്. ഈ സമയത്ത് തെളിവിനായി നല്‍കിയിരുന്ന ആധാറും മറ്റു രേഖകളും വായ്പ പാസായ ഉടന്‍ ബാങ്കില്‍നിന്ന് മാറ്റിയതായാണ് കണ്ടെത്തിയത്.

പണയപ്പെടുത്തുന്ന ഭൂമി ബാങ്ക് പരിധിയിലാണോ എന്നു പരിശോധന നടത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥരാണ് തട്ടിപ്പിന് കൂട്ടുനിന്നത്. സ്ഥലം സന്ദര്‍ശിച്ച് ഉറപ്പുവരുത്തേണ്ട ഭരണസമിതിയംഗങ്ങള്‍ പരിശോധന നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

സി.പി.എം. ഭരണത്തിലുള്ള ബാങ്കില്‍, തട്ടിപ്പ് നടത്തിയതില്‍ പ്രധാന പങ്കുവഹിച്ചതിന്റെ േപരില്‍ േകസെടുത്തവരില്‍ രണ്ടുപേരും പാര്‍ട്ടിയുടെ പ്രാദേശിക ഭാരവാഹികളുമാണ്.