തൃശ്ശൂർ: നിക്ഷേപകർക്ക് പ്രതിവാരം 10,000 രൂപ വീതം നൽകുന്ന പദ്ധതി തുടരാനാകാത്തവിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കരുവന്നൂർ സഹകരണ ബാങ്ക്. പ്രതിസന്ധി മറികടക്കാൻ 50 കോടി ആവശ്യപ്പെട്ടത് നൽകാനാകില്ലെന്ന നിലപാടിലുറച്ച് കേരള ബാങ്കും.

കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പു കണ്ടെത്തിയ ശേഷം നിക്ഷേപകർക്ക് പ്രതിവാരം പരമാവധി 10,000 രൂപ വീതമാണ് നൽകിയിരുന്നത്. ഇതിനായുള്ള തുക കണ്ടെത്തിയിരുന്നത് സ്വർണപ്പണയ വായ്പകൾ നിർബന്ധപൂർവം തിരിച്ചടപ്പിച്ച് കിട്ടുന്ന പണംകൊണ്ടായിരുന്നു. വായ്പ തിരിച്ചടച്ചില്ലെങ്കിൽ സ്വർണം ലേലംചെയ്യുെമന്ന നിലപാടെടുത്തതോടെ മിക്കവരും വായ്പപ്പണം തിരിച്ചടച്ചു. ഇതിലൂടെ കിട്ടിയ തുകകൊണ്ട് നിക്ഷേപകർക്ക് ചെറിയ രീതിയിലെങ്കിലും പണം നൽകിയാണ് ഇതുവരെ പിടിച്ചുനിന്നത്.

ബാങ്കിലെ സ്വർണവായ്പകളെല്ലാം ഏതാണ്ട് തിരിച്ചടച്ചുകഴിഞ്ഞു. മറ്റ് വായ്പകളാകട്ടെ, ആരുംതന്നെ തിരിച്ചടയ്ക്കുന്നുമില്ല. ഈ ഘട്ടത്തിലാണ് ചെറിയ തുക പോലും നിക്ഷേപകർക്ക് നൽകാനാകാതെ ബാങ്ക് കടുത്ത പ്രതിസന്ധിയിലായത്.

ഇതോടെയാണ് 50 കോടിയുടെ സഹായം തേടി കേരള ബാങ്കിനെ സമീപിച്ചത്. നിലവിൽ കരുവന്നൂർ സഹകരണബാങ്കിന് കേരള ബാങ്കിൽ ഏതാണ്ട് 45 കോടിയുടെ കുടിശ്ശികയുണ്ട്. കടമെടുത്ത തുകയും പലിശയും േചർന്നതാണിത്. ഇൗ കുടിശ്ശിക നിലനിൽക്കുന്നതിനാൽ പുതിയ വായ്പ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കേരള ബാങ്ക്. കുടിശ്ശികയായ വായ്പ പുതുക്കി പുതിയ വായ്പയാക്കാമെന്നും അതോടെ കുടിശ്ശികയില്ലാതാകുന്നതിനാൽ 50 കോടികൂടി അനുവദിക്കാമെന്നുമായിരുന്നു കരുവന്നൂർ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് സമിതി മുന്നോട്ടുവെച്ച നിർദേശം. ഇതിന് സഹകരണമന്ത്രിയും പിന്തുണ നൽകി.

എന്നാൽ, ഇനി ഒരുരൂപ പോലും അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നുകേരള ബാങ്ക് ഭരണസമിതി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ. കണ്ണനും മന്ത്രിയുടെ നിർദേശത്തെ എതിർത്തു എന്നാണ് അറിയുന്നത്. ജീവനക്കാരുടെയും മറ്റുള്ളവരുടെയും അഴിമതി കാരണം കടക്കെണിയിലായ കരുവന്നൂർ സഹകരണബാങ്കിലെ ഭരണസമിതിയംഗങ്ങളും ഇപ്പോൾ പ്രതികളാണ്. ഇവരിൽ ചിലർ അറസ്റ്റിലായി. ഇൗ നിലയിലേക്ക് കേരള ബാങ്കിനെയും എത്തിച്ച് പ്രതികളാകാൻ തയ്യാറല്ലെന്ന് ഭരണസമിതി കടുത്ത നിലപാട് എടുത്തതായാണ് അറിയുന്നത്.