തിരുവനന്തപുരം: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിന്റെ പേരിൽ പാർട്ടിക്ക് നേരിടേണ്ടിവരുന്ന ആരോപണങ്ങളെ മറികടക്കാൻ സർക്കാർ ഇടപെടണമെന്ന് സി.പി.എം. നിർദേശം. തട്ടിപ്പുകാർക്ക് പാർട്ടിയുടെയും സർക്കാരിന്റെയും പിന്തുണ കിട്ടില്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം. അതിന് സഹകരണബാങ്കുകളെക്കുറിച്ച് ഉയരുന്ന എല്ലാപരാതികളിലും സർക്കാർ അന്വേഷണം നടത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഗൗരവം സംസ്ഥാനനേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിൽ ജില്ലാഘടകത്തിന് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലാണ് സെക്രട്ടേറിയറ്റിലുണ്ടായത്. സംസ്ഥാനത്തെ സഹകരണബാങ്കുകളെ സി.പി.എം. സാമ്പത്തികലാഭത്തിനായി ഉപയോഗിക്കുവെന്നത് ബി.ജെ.പി.യുടെ പ്രചാരണമാണ്. ഇതിന് ബലം നൽകുന്നതിന് കരുവന്നൂർ ബാങ്കിലുണ്ടായ തട്ടിപ്പ് കാരണമാകുമെന്നും സി.പി.എം. വിലയിരുത്തുന്നു.

പാർട്ടിനിയന്ത്രണത്തിലുള്ള എല്ലാ സഹകരണസ്ഥാപനങ്ങളിലെയും ഭരണസമിതി അംഗങ്ങളുടെയും പ്രവർത്തനം പരിശോധിക്കാനും തീരുമാനിച്ചു. പാർട്ടി അംഗങ്ങളായ ഭരണസമിതി അംഗങ്ങളുടെ പ്രത്യേക യോഗം വിളിക്കുകയും പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്യേണ്ടത് സബ്കമ്മിറ്റി ചുമതലയുള്ള പാർട്ടിനേതാക്കളാണ്. ഇത്തരം പരിശോധനകളിൽ വീഴ്ചയുണ്ടാകുന്നുവെന്നാണ് കരുവന്നൂർ ബാങ്ക് സംഭവം ബോധ്യപ്പെടുത്തുന്നത്. ഇതിൽ തിരുത്തൽ വേണമെന്നാണ് നിർദേശം.

കൈയൊഴിയാനാകാതെ കമ്മിഷൻ

കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് പാർട്ടിനേതൃത്വം അറിഞ്ഞിരുന്നില്ലെന്ന വാദം സ്ഥാപിക്കാൻ സി.പി.എം. ബുദ്ധിമുട്ടും. ബാങ്കിനെക്കുറിച്ചുള്ള പരാതികൾ നേരത്തേ സി.പി.എം. ജില്ലാഘടകം അന്വേഷിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിജുവിനെയാണ് നിയോഗിച്ചത്. സംസ്ഥാന സമിതി അംഗത്തെ അന്വേഷണകമ്മിഷനാക്കുമ്പോൾ സംസ്ഥാന നേതൃത്വം അറിയും. തൃശ്ശൂരിൽനിന്നുള്ള എ.സി. മൊയ്തീനായിരുന്നു ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് തുടക്കത്തിൽ സഹകരണമന്ത്രി. അതിനാൽ, ഈ പ്രശ്നങ്ങൾ സർക്കാർ തലത്തിലും അറിഞ്ഞതാണ്. വേണ്ടഗൗരവത്തോടെ ഇത് പരിശോധിക്കപ്പെട്ടില്ല എന്നതാണ് പാർട്ടിയെ കുഴപ്പത്തിലാക്കിയത്.