തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്കിൽ പ്രതികളായ ആറുപേർ 300 കോടിയുടെ തട്ടിപ്പു നടത്തിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ച കേസിൽ പോലീസ് ക്രിമിനൽ ഗൂഢാലോചന ചുമത്തിയില്ല. വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, ശിക്ഷ കിട്ടാവുന്ന തട്ടിപ്പ്, ഉദ്യോഗസ്ഥ തലത്തിലുള്ള വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

തട്ടിയെടുത്ത പണം തിരികെ അടച്ചാൽ കേസിൽനിന്ന് ഒഴിവാകുന്നതിനുള്ള കോന്പൗണ്ടിങ്ങ് ചട്ടവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയിൽ ഇൗ റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. ബിജു കരീം, ജിൻസൺ, റെജി.എം. അനിൽകുമാർ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറയുക.

കരുവന്നൂർ ബാങ്കിൽനിന്ന് 300 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ജൂലായ് 17-നാണ് ഇരിങ്ങാലക്കുട പോലീസ് േകസ് രജിസ്റ്റർ ചെയ്തത്. കേസ് രണ്ടാഴ്ച മുന്പ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പ്രതികളെ പിടികൂടാനോ കേസന്വേഷണം കാര്യമായി മുന്നോട്ടുകൊണ്ടുപോകാനോ സാധിച്ചില്ല.

വ്യാജരേഖ ചമച്ചും വ്യാജ അംഗത്വമെടുത്തും ആറ് പ്രതികൾ േചർന്ന് 300 കോടിയുടെ തട്ടിപ്പ് നടത്തിയെന്നും ഇത് ബാങ്കിന്റെ നിലനിൽപ്പിനെപ്പോലും ബാധിക്കുന്നതുമാണെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു വാദിച്ചത്.

എന്നാൽ, ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന ഭരണസമിതി അറിയാതെ തട്ടിപ്പ് നടക്കില്ലെന്നും അതിനാൽ ഭരണസമിതിയംഗങ്ങളെ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തി പ്രതിചേർക്കണമെന്നുമായിരുന്നു പ്രതികൾക്കായി ഹാജരായ അഭിഭാഷകന്റെ വാദം.

ഒാരോ യോഗങ്ങളുടെയും തീരുമാനങ്ങൾ വായിച്ച് ബോധ്യപ്പെട്ടുവെന്ന് ഒപ്പിടുന്നതും വായ്പ അനുവദിക്കുന്നതിനുള്ള അന്തിമതീരുമാനവും ഭരണ സമിതിയുടേതാണ്. ബാങ്കിൽ ക്രമക്കേട് നടക്കുന്നുവെന്ന ഒാഡിറ്റ് റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും കിട്ടിയിട്ടും നടപടിയെടുക്കാതിരുന്ന ഭരണസമിതിയംഗങ്ങൾ തട്ടിപ്പിന് കൂട്ടുനിന്നതിന് െതളിവാണെന്നും പ്രതിഭാഗം അഭിഭാഷകൻ എ. മനുമോൻ കോടതിയിൽ വാദിച്ചു.

സമ്മർദം ശക്തമായി; തിരച്ചിൽ നോട്ടീസ് ഇറക്കി

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പ്രതികളെ പിടികൂടിയെന്നും ഇല്ലെന്നുമുള്ള ഉൗഹാപോഹങ്ങൾക്കിടെ ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ശക്തമായ ആരോപണത്തിനിടെയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ തൃശ്ശൂർ യൂണിറ്റ് വെള്ളിയാഴ്ച തിരച്ചിൽ ‍നോട്ടീസിറക്കിയത്. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞു.

ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ(58), മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരീം(45), മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്(43), ബാങ്ക് അംഗം കിരൺ(31), ബാങ്കിന്റെ മുൻ റബ്കോ കമ്മീഷൻ ഏജന്റ് ബിജോയ് (47), ബാങ്ക് സൂപ്പർമാർക്കറ്റ് മുൻ അക്കൗണ്ടന്റ് റെജി അനിൽ(43) എന്നിവരെ പിടികൂടാനായാണ് തിരച്ചിൽ നോട്ടീസിറക്കിയത്. കേസിലെ ഒന്നു മുതൽ ആറു വരെ പ്രതികളായ ഇവർ ഒളിവിലാണെന്നാണ് നോട്ടീസിൽ പറയുന്നത്.

കേസന്വേഷണത്തിൽ ആരംഭം മുതൽ പോലീസ് തണുപ്പൻ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപണമുയർന്നിരുന്നു. ‘കൊലക്കേസ് പ്രതികളൊന്നുമല്ലല്ലോ ഒാടിച്ചിട്ട് പിടിക്കാൻ’ എന്നായിരുന്നു,പ്രതികളെ പിടികൂടാൻ വൈകുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന്റെ പ്രതികരണം.