കുനാഗപ്പള്ളി: ഓച്ചിറ കാളകെട്ടുത്സവത്തില്‍ എഴുന്നള്ളിയ ഓണാട്ടുകതിരവന്റെ പ്രശസ്തി ഏഷ്യന്‍ ഭൂഖണ്ഡം നിറയുന്നു. ഏഷ്യയിലെ ഏറ്റവുംവലിയ നന്ദികേശ കെട്ടുശില്പത്തിനുള്ള യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ (യു.ആര്‍.എഫ്.) അംഗീകാരം മാമ്പ്ര കന്നേല്‍ യുജനസമിതിയുടെ ഓണാട്ടുകതിരവനെ തേടിയെത്തി. ബാഴ്‌സലോണ ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഏജന്‍സിയായ യു.ആര്‍.എഫിന്റെ ഏഷ്യയിലെ പ്രതിനിധികള്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഓണാട്ടുകതിരവന് അംഗീകാരം നല്‍കിയത്.

യു.ആര്‍.എഫ്. നാഷണല്‍ ജൂറി അംഗം ഡോ. അനീഷ് ശിവാനന്ദിന്റെ നേതൃത്വത്തിലായിരുന്നു പഠനം. നന്ദികേശ കെട്ടുത്സവങ്ങള്‍ നടക്കുന്ന തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പഠനം നടത്തിയതെന്ന് ഡോ. അനീഷ് ശിവാനന്ദ് പറഞ്ഞു. മണിപ്പൂരില്‍ സമാനമായ നന്ദികേശ കെട്ടുശില്പങ്ങളുണ്ടെങ്കിലും ഓച്ചിറ കാളകെട്ട് ഉത്സവത്തില്‍ എഴുന്നള്ളിക്കുന്ന നന്ദികേശ കെട്ടുശില്പങ്ങളുടെ അത്രയും എണ്ണവും വലുപ്പവും അവയ്ക്കില്ല. നിലവിലുള്ളവയില്‍ ചലിപ്പിക്കാവുന്ന ഏറ്റവുംവലിയ നന്ദികേശ കെട്ടുശില്പമെന്നനിലയ്ക്കാണ് ഓണാട്ടുകതിരവന് അംഗീകാരം നല്‍കിയത്.

സംഘം നടത്തിയ പഠന റിപ്പോര്‍ട്ട് അംഗീകരിച്ച യു.ആര്‍.എഫിന്റെ ഏഷ്യന്‍ ജൂറി മേധാവി ഡോ. സുനില്‍ ജോസഫാണ് അംഗീകാരത്തിന് അനുമതി നല്‍കിയതെന്നും ഡോ. അനീഷ് ശിവാനന്ദ് പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ പരിഗണിക്കപ്പെടുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

കൃഷ്ണപുരം മാമ്പ്ര കന്നേല്‍ യുവജനസമിതിയുടെ ഒരുജോടി നന്ദികേശ കെട്ടുശില്പമാണ് ഓണാട്ടുകതിരവന്‍. ഓച്ചിറ പടനിലത്ത് ഇരുപത്തെട്ടാം ഓണനാളില്‍ നടക്കുന്ന കാളകെട്ടുത്സവത്തിലാണ് നന്ദികേശ കെട്ടുശില്പം എഴുന്നള്ളിക്കുന്നത്. 2014-ല്‍ ശില്പി ചുനക്കര രാജനാണ് ഓണാട്ടുകതിരവന്റെ ശിരസ്സുകള്‍ നിര്‍മിച്ചുനല്‍കിയത്. 52.3 അടിയാണ് ഓണാട്ടുകതിരവന്റെ ഉയരം. ശിരസ്സിനുമാത്രം പതിന്നാലടി ഉയരമുണ്ട്. ഒറ്റത്തടിയിലാണ് ഓരോ ശിരസ്സും കൊത്തിയെടുത്തത്. 400 ക്യുബിക് അടി തടിയും 4.5 ടണ്‍ ഇരുമ്പുമാണ് നന്ദികേശശില്പം നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഇരുപതടി ഉയരമുള്ള നെറ്റിപ്പട്ടവും 2500 കുടമണികളും നന്ദികേശന്മാരെ അലങ്കരിക്കുന്നു. 50 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ക്രെയിന്‍ ഉപയോഗിച്ചാണ് നന്ദികേശ ശിരസ്സുകള്‍ ഉറപ്പിക്കുന്നത്. നന്ദികേശന്മാരെ വലിച്ചുകൊണ്ടുപോകുന്നതും ക്രെയിന്‍ ഉപയോഗിച്ചാണ്.

കൃഷ്ണപുരത്ത് നടന്ന ചടങ്ങില്‍ യുവജനസമിതി പ്രസിഡന്റ് ഡി.ശിവരാജന്‍, സെക്രട്ടറി സന്ദീപര് പാലിശ്ശേരി, ട്രഷറര്‍ വി.സനില്‍ എന്നിവര്‍ ചേര്‍ന്ന് യു.ആര്‍.എഫ്. ദേശീയ ജൂറി അംഗം ഡോ. അനീഷ് ശിവാനന്ദില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.