ചടങ്ങില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വ്രതാനുഷ്ഠാനത്തിലായിരിക്കണം. അച്ഛന്റെയോ അമ്മാമന്റെയോ ചുമലിലേറി കുഞ്ഞുങ്ങള്‍ ഉച്ചത്തോറ്റത്തോടൊപ്പം ക്ഷേത്രം വലം വെക്കും. കുട്ടികള്‍ കൈയിലുള്ള വെറ്റില മുറിച്ചെടുത്ത് പിറകിലോട്ടെറിഞ്ഞുകൊണ്ടാണ് ക്ഷേത്രത്തെ വലംവെക്കുക.
പെരുങ്കളിയാട്ടം നടക്കുമ്പോള്‍ ക്ഷേത്രത്തിനു കീഴിലുള്ള മുഴുവന്‍ പെണ്‍കുട്ടികളും പന്തല്‍മംഗല ചടങ്ങില്‍ പങ്കെടുക്കണമെന്ന വിശ്വാസമുണ്ട്. കരിവെള്ളൂര്‍ മുച്ചിലോട്ട് ക്ഷേത്രത്തില്‍ മുന്നൂറോളം കുഞ്ഞുങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പേര് നല്‍കിക്കഴിഞ്ഞു. മറ്റ് മുച്ചിലോട്ട് കാവുകളില്നിന്നുള്ള കുട്ടികളും ആദിമുച്ചിലോട്ട് കാവില്‍ പന്തല്മംഗലത്തിനായി എത്തുന്നുണ്ട്. പന്തല്‍മംഗലം കഴിയുന്നതോടെ കുഞ്ഞുങ്ങള്‍ മുച്ചിലോട്ടമ്മയുടെ ചങ്ങാതിമാരായെന്നാണ് വിശ്വാസം.
11-ന് പുലര്‍ച്ചെ രണ്ടുമുതല്‍ തെയ്യങ്ങള്‍ അരങ്ങിലെത്തും. മറ്റ് ദിവസങ്ങളിലുണ്ടാകുന്ന തെയ്യങ്ങള്ക്കുപുറമെ പുലര്‍ച്ചെ രണ്ടിന് കോലസ്വരൂപത്തിങ്കല്‍ തായ്ദൈവം, 2.30-ന് വേട്ടക്കൊരുമകന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് ഒന്നിന് കുത്തും ചങ്ങനും പൊങ്ങനും അരങ്ങിലെത്തും.
11-ന് രാത്രി 11 മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെയും കണ്ണങ്ങാട്ട് ഭഗവതിയുടെയും പുള്ളൂര്കാളിയുടെയും തല്‍സ്വരൂപന്‍ ദൈവത്തിന്റെയും പ്രതിപുരുഷന്മാര് അടുക്കളയിലേക്ക് എഴുന്നള്ളും. 12-ന് നടക്കുന്ന മുച്ചിലോട്ട് ഭഗവതിയുടെ താലികെട്ട് കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി കലവറ വാല്യക്കാരെ അനുഗ്രഹിക്കുന്നതിനാണ് എഴുന്നള്ളത്ത്. 12-ന് ഉച്ചയ്ക്ക് ഒരു മണിക്ക് കൈലാസക്കല്ലില്‍ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരും.