കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ റിയർ എൻഡ് സേഫ്റ്റി ഏരിയയിലെ (റിസ) നിർമാണപ്രശ്നങ്ങളും വെള്ളിയാഴ്ചയുണ്ടായ അപകടത്തിനു കാരണമായതായി വിലയിരുത്തൽ. അപകടവുമായി ബന്ധപ്പെട്ട് പരിശോധനനടത്തിയ ഡി.ജി.സി.എ. സംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് സൂചനയുള്ളത്.
ഇത്തരം അപകടങ്ങൾ തടയാനാണ് റൺവേയുടെ ഇരു ഭാഗങ്ങളിലും റിസ നിർമിക്കണമെന്ന് ഡി.ജി.സി.എ. ഉത്തരവ് പുറപ്പെടുവിച്ചത്. മംഗലാപുരം അപകടത്തെ തുടർന്നായിരുന്നു ഇത്. 240 മീറ്റർ നീളത്തിലാണ് റിസ അഭികാമ്യമെങ്കിലും കുറഞ്ഞത് 90 മീറ്ററെങ്കിലും അത്യാവശ്യമാണെന്നാണ് കണക്കാക്കിയിരുന്നത്. ഇത് നിർമിക്കാനുപയോഗിച്ച വസ്തുക്കളെക്കുറിച്ചാണ് വിവാദം നിലനിൽക്കുന്നത്.
റിസയിൽ പുഴമണലിൽനിന്ന് ലഭിക്കുന്ന ചെറിയ ഉരുളൻ കല്ലുകളോ അതല്ലെങ്കിൽ എൻജിനിയേഡ് മെറ്റീരിയൽ അറസ്റ്റിങ് സംവിധാനമോ (ഇമാസ്) ഉപയോഗിച്ച് നിറയ്ക്കണമെന്നായിരുന്നു ശുപാർശ. എന്നാൽ, കോഴിക്കോട് വിമാനത്താവളത്തിലെ റിസയിൽ നിറച്ചത് എംസാൻഡ് ആയിരുന്നു. ഇതിൽ പുല്ല് വളർന്ന് കാടുപിടിച്ച നിലയിലായിരുന്നു. മഴ പെയ്തതോടെ ഇതിന്റെ പ്രതലം കാഠിന്യമുള്ളതായി.
അന്താരാഷ്ട നിലവാരത്തിലുള്ള കമ്പനി നിർമിക്കുന്ന പ്രത്യേക കോൺക്രീറ്റ് സംയുക്തമാണ് ഇമാസ്. ഇതിലേക്ക് വിമാനം തെന്നിയിറങ്ങിയാൽ ഇത് പൊടിയുകയും വിമാനത്തിന്റെ ചക്രങ്ങൾ കൂടുതൽ ആഴത്തിലേക്കിറങ്ങി വിമാനം നിശ്ചലമാവുകയും ചെയ്യും. ഒരു വിമാനത്താവളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വിമാനത്തിന്റെ പരമാവധി വേഗം കണക്കാക്കിയാണ് ഇത് നിർമിക്കുന്നത്. ഇതിന്റെ പ്രവർത്തനക്ഷമത പരീക്ഷിച്ച ശേഷമാണ് കമ്പനി ഇത് റിസയിൽ നിറയ്ക്കുന്നത്.
ഇതിന് വരുന്ന ഭാരിച്ച ചെലവ് ചൂണ്ടിക്കാട്ടിയാണ് വിമാനത്താവള അതോറിറ്റി എംസാൻഡ് നിറയ്ക്കാൻ തീരുമാനിച്ചത്. ഒരു റൺവേക്ക് 50 കോടി രൂപയാണ് ഇതിന് ചെലവുവരുന്നത്. കോഴിക്കോട്ടെ രണ്ട് റൺവേകൾക്കും കൂടി 100 കോടി ചെലവുവരും. വർഷം 140 കോടിക്കുമേൽ ലാഭമുണ്ടാക്കുന്ന വിമാനത്താവളമാണ് കോഴിക്കോട്.