കൊണ്ടോട്ടി: വിമാനത്താവള റൺവേയുടെ നീളം വർധിപ്പിക്കാൻ 96.5 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം കരിപ്പൂരിന്റെ ’പേരുദോഷം’ മാറ്റും. വിമാനത്താവളത്തിനു നേരെയുള്ള വിമർശനങ്ങളിൽ റൺവേയുടെ നീളക്കുറവ് പ്രധാന ആയുധമാണ്. 2700 മീറ്റർ ആണ് നിലവിൽ റൺവേയുടെ നീളം. 96.5 ഏക്കർ ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ നീളം 3500 മീറ്ററിലേറെ വർധിപ്പിക്കാനാകും.

കരിപ്പൂരിലേത് ടേബിൾ ടോപ്പ് റൺവേയാണ്. വലിയ വിമാനങ്ങളുടെ സർവീസിന് തടസ്സമായി പല വിദഗ്ധരും റൺവേയുടെ നീളക്കറവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞവർഷം വിമാനാപകടമുണ്ടായപ്പോഴും ടേബിൾ ടോപ്പ് റൺവേയും നീളക്കുറവും ചർച്ചയായി. വിമാനത്താവളത്തിലെ കുഴപ്പംകൊണ്ടല്ല അപകടമെന്ന് അന്വേഷണറിപ്പോർട്ട് വന്നെങ്കിലും വലിയ വിമാനങ്ങളുടെ സർവീസ് പുനഃസ്ഥാപിച്ചിട്ടില്ല. വിമാനത്താവള അതോറിറ്റി വർഷങ്ങൾക്കു മുൻപേ റൺവേ വികസനത്തിന് ഭൂമി ഏറ്റെടുത്തു നൽകണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസമുൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ തട്ടി ഈ ആവശ്യം മരവിച്ചു. റൺവേ വികസനം മാറ്റിനിർത്തിയാണ് അതോറിറ്റി ഇപ്പോൾ ഭൂമി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. റൺവേ നീളം കൂേട്ടണ്ടെന്ന കേന്ദ്ര നിലപാട് തള്ളിയാണ് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും വി. അബ്ദുറഹ്‌മാനും പങ്കെടുത്ത യോഗത്തിന്റെ തീരുമാനം. നിലവിലുള്ള റൺവേയുടെ വികസനമാണ് കരിപ്പൂരിന്റെ വികസനത്തിന് ശാശ്വതപരിഹാരമെന്നും യോഗം വിലയിരുത്തി.

കരിപ്പൂരിലെ സാങ്കേതികസഹായത്തോടെ തൊട്ടടുത്തുതന്നെ വലിയ മറ്റൊരു വിമാനത്താവളമെന്ന അഭിപ്രായവും എയർപോർട്ട് അതോറിറ്റിയിൽ നിന്നുണ്ടായിരുന്നു. ഈ നിർദേശത്തെ തിങ്കളാഴ്‌ച നടന്ന യോഗം തള്ളി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പുതിയൊരു വിമാനത്താവളം പ്രായോഗികമല്ലെന്ന്‌ യോഗം വിലയിരുത്തി.

അതേസമയം, റൺവേ വികസനം കരിപ്പൂരിൽ അത്ര എളുപ്പത്തിൽ പ്രാവർത്തികമാക്കാനാവില്ല. റൺവേയുടെ രണ്ടറ്റങ്ങളിലും വൻ താഴ്‌ചയാണ്. നാട്ടുകാരുടെ എതിർപ്പ് ഇല്ലാതാക്കുന്നതിനൊപ്പം മണ്ണിട്ടുയർത്തി റൺവേ നീളം കൂട്ടുകയെന്നത് വലിയ വെല്ലുവിളിയാണ്. പാരിസ്ഥിതികപ്രശ്‌നങ്ങളും ഏറെയുണ്ടാകും.