കരിപ്പൂര്‍​: കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഒരുങ്ങുന്നത് രാജ്യത്തെ മികച്ച വിമാനത്താവള ടെര്‍മിനല്‍. വിമാനത്താവളവികസനത്തിന്റെ രണ്ടാംഘട്ടമായാണ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്. 1700 ചതുരശ്ര മീറ്ററില്‍ രണ്ടുനിലയിലാണ് ഇത്. ഇപ്പോഴത്തെ അന്താരാഷ്ട്ര ടെര്‍മിനലിനോടുചേര്‍ന്നാണ് നിര്‍മാണം.

പുതിയ ടെര്‍മിനല്‍ നിലവില്‍ വരുന്നതോടെ ഇപ്പോഴത്തെ അന്താരാഷ്ട ടെര്‍മിനല്‍ ആഭ്യന്തര ടെര്‍മിനലായി മാറ്റും. പൂര്‍ത്തിയാവുന്നതോടെ ഏഷ്യയിലെ ഏറ്റവും നീളമേറിയ വിമാനത്താവള ടെര്‍നമിനലായി ഇത് മാറും. 85.5 കോടി രൂപയാണ് ചെലവ്. സ്റ്റീലും ഗ്ലാസുമുപയോഗിച്ചാണ് നിര്‍മാണം.

പൂര്‍ണമായും ശീതീകരിക്കും. 20 കസ്റ്റംസ് കൗണ്ടറുകള്‍, 44 എമിഗ്രേഷന്‍ കൗണ്ടറുകള്‍, ഇന്‍ലൈന്‍ ബാഗേജ് സംവിധാനം, എസ്‌കലേറ്ററുകള്‍, രണ്ട് എയ്‌റോബ്രിഡ്ജുകള്‍, ഏഴുനില വാഹനപാര്‍ക്കിങ് എന്നിവയുണ്ടാവും.

5000 പേര്‍ക്ക് ഒരേസമയം ഉപയോഗിക്കാം. നിലവില്‍ 750 പേര്‍ക്ക് മാത്രമാണ് സൗകര്യം. പോലീസ് സ്റ്റേഷന്‍, പോലീസ് ഔട്ട് പോസ്റ്റ് എന്നിവയ്ക്കും സൗകര്യമൊരുക്കും. എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ടെക്‌നിക്കല്‍ ബ്ലോക്ക് എന്നിവ മാറ്റിസ്ഥാപിക്കും. ഐസൊലേഷന്‍ ബേ നവീകരിക്കും.

യു.ആര്‍.സി. കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണച്ചുമതല. 2017 ഓഗസ്റ്റിനുമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, നിര്‍മാണജോലികള്‍ നീണ്ടുപോയി. മാര്‍ച്ചില്‍ ടെര്‍മിനല്‍ തുറക്കാനുള്ള ശ്രമത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി.