കൊണ്ടോട്ടി: നാലുമാസം പിന്നിട്ട കരിപ്പൂർ സ്വർണക്കടത്തുകേസിൽ കുറ്റപത്രം വൈകും. ഗൾഫിലടക്കമുള്ള പ്രധാന പ്രതികളെ പിടികൂടിയതിനുശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചാൽ മതിയെന്നാണ് പോലീസിന്റെ തീരുമാനം. ഇതോടെ, സുഫിയാനടക്കം കേസിൽ പിടിയിലായ ബഹുഭൂരിപക്ഷം പ്രതികൾക്കും സ്വാഭാവിക ജാമ്യത്തിലിറങ്ങാനായി.

കഴിഞ്ഞ ജൂൺ 21-ന് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ച് ചെർപ്പുളശ്ശേരി സ്വദേശികൾ മരിച്ചതോടെയാണ് കരിപ്പൂർ സ്വർണക്കടത്തുകേസ് അന്വേഷണം തുടങ്ങുന്നത്. സ്വർണക്കടത്തിന് ക്വട്ടേഷൻ സംഘങ്ങളുടെ സംരക്ഷണവും, കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കലുമാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തി. കൊടുവള്ളി, താമരശ്ശേരി, മഞ്ചേരി തുടങ്ങി വിവിധയിടങ്ങളിൽനിന്ന് നിരവധി ക്വട്ടേഷൻ, കള്ളക്കടത്ത് സംഘങ്ങൾ ഉൾപ്പെട്ട കേസിൽ ഇതിനകം 46 പേരെ പോലീസ് പിടികൂടി. ഇതിൽ 39 പേരും ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. 60 ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം നൽകാത്തതിനാൽ കോടതി പ്രതികൾക്ക് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.

മുഖ്യ സൂത്രധാരൻ കൊടുവള്ളി വാവാട് സ്വദേശി സുഫിയാൻ 108 ദിവസം ജയിലിൽ കഴിഞ്ഞശേഷമാണ് ജാമ്യത്തിലിറങ്ങിയത്. സ്വർണക്കടത്തിനുവേണ്ടി സുഫിയാൻ തയ്യാറാക്കിയ വാട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസുമായി ബന്ധമുള്ള ആളുകളെ പോലീസ് കണ്ടെത്തിയത്. ഗൾഫിലുള്ള അഞ്ചു പ്രധാനപ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടിലും നിരവധിയാളുകളെ ഇനിയും പിടികൂടാനുണ്ടെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്തപ്പോൾ ആവശ്യമായ തെളിവുകൾ ശേഖരിച്ചതിനാൽ പ്രതികൾ ജാമ്യത്തിലിറങ്ങുന്നത് കേസന്വേഷണത്തെ ബാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്.

സംഭവദിവസം കരിപ്പൂരിലിറങ്ങിയ പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മഞ്ചേരിയിലെ ഫ്ലാറ്റിൽ എത്തിച്ച് മർദിച്ച് സാധനങ്ങൾ കവർന്ന കേസും ഇതോടനുബന്ധിച്ചുണ്ട്. ഈ കേസിൽ കുറ്റപത്രം ഉടനെ നൽകാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഒമ്പത് പ്രതികളാണ് കേസിലുള്ളത്.