കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താന്‍ശ്രമിച്ച 1.261 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. രണ്ടു സംഭവങ്ങളിലായാണ് സ്വര്‍ണവേട്ട. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് അടിവാരം സ്വദേശി ഷാജുദ്ദീന്‍ (30) മലപ്പുറം നെല്ലിക്കുത്ത് മങ്കാരത്തൊടി ജബ്ബാര്‍(32) എന്നിവരെ കസ്റ്റംസ് വിഭാഗം പിടികൂടി.

എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ ദുബായ് കോഴിക്കോട് വിമാനത്തിലാണ് ജബ്ബാര്‍ കോഴിക്കോടെത്തിയത്. മെറ്റല്‍ഡിറ്റക്ടര്‍ പരിശോധനയില്‍ സംശയം തോന്നിയ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നിര്‍ഗമനഹാളില്‍ ഇയാളെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ശരീരത്തില്‍ ഒളിപ്പിച്ചുവെച്ച ആറ് സ്വര്‍ണബിസ്‌കറ്റുകള്‍ കണ്ടെടുത്തത്. 696 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെത്തിയത്.
 
എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന്റെ ഷാര്‍ജ കോഴിക്കോട് വിമാനത്തിലാണ് ഷാജുദ്ദീന്‍ കോഴിക്കോട്ടെത്തിയത്. നാട രൂപത്തിലാക്കിയ സ്വര്‍ണം ട്രോളിബാഗിലാണ് ഒളിച്ചുവെച്ചിരുന്നത്. 565 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 3530800 രൂപ വിലവരും. കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് സംഘത്തിന്റെ കാരിയറാണ് ഇവര്‍. 20,000 രൂപയും വിമാനടിക്കറ്റുമാണ് ഇയാള്‍ക്ക് സംഘം നല്‍കിയിരുന്നത്.