ആലപ്പുഴ: നിങ്ങള്‍ ആലപ്പുഴയിലെ ഹോട്ടലിലോ ഷാപ്പിലോ കയറുന്നു. ഊണു പറയുന്നു. സ്‌പെഷ്യലായി കരിമീനും ഓര്‍ഡര്‍ ചെയ്യുന്നു. ആലപ്പുഴയല്ലേ, കുട്ടനാടല്ലേ എന്നുെവച്ച് മുന്നില്‍ക്കിട്ടുന്നത് നാട്ടിലെ കരിമീനാണെന്ന് കണ്ണടച്ചങ്ങു വിശ്വസിക്കരുത്. തീന്‍മേശയിലിരിക്കുന്നത് മിക്കവാറും ഇതര സംസ്ഥാനത്തുനിന്ന് ഉള്ളതായിരിക്കും. ഏറെയും ആന്ധ്രയില്‍നിന്നുള്ളവ.

ആലപ്പുഴയില്‍ കരിമീനിന്റെ ഉപയോഗം കൂടുകയും ലഭ്യത കുറയുകയും ചെയ്തതാണ് മറ്റിടങ്ങളില്‍ കരിമീന്‍ തേടിപ്പോകാന്‍ കാരണം. പുരവഞ്ചിവ്യവസായം വ്യാപിച്ചപ്പോള്‍ ഇവിടെ കരിമീനിന് ഉപയോഗം വര്‍ധിച്ചു. ഏകദേശം 1600 വഞ്ചികളാണ് ആലപ്പുഴയിലുള്ളത്. എല്ലാ വഞ്ചിയിലും ഉച്ചയൂണിന് കരിമീന്‍ പൊരിച്ചതുണ്ടാവും.

ഒരു വള്ളത്തിലെ ഉച്ചയൂണിന് 20 കരിമീനെങ്കിലും ഒരു ദിവസം വേണം. വള്ളമൊന്നിന് ഏകദേശം അഞ്ചുകിലോ. 1000 വള്ളത്തിന്റെ കണക്കെടുത്താല്‍ ദിവസം അഞ്ച് ടണ്‍ വേണം. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഷാപ്പുകള്‍ എന്നിങ്ങനെ നിരവധി കേന്ദ്രങ്ങള്‍ വേറെയും.

വേമ്പനാട് കായലിലും മറ്റു നദികളിലും നിന്ന് പണ്ട് വര്‍ഷത്തില്‍ 4000 ടണ്‍ കരിമീന്‍ കിട്ടിയിരുന്നു. ഇപ്പോഴത് പത്തിലൊന്നായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷംകിട്ടിയത് നാനൂറോളം ടണ്‍ ആണെന്ന് കാലാവസ്ഥാ വ്യതിയാനകേന്ദ്രം !ഡയറക്ടര്‍ ഡോ. കെ.ജി. പദ്മകുമാര്‍ പറഞ്ഞു. ''ഇതു താരതമ്യേന മെച്ചമാണ്. അതിനും മുന്‍ വര്‍ഷങ്ങളില്‍ കിട്ടിയിരുന്നത് ഇരുനൂറും ഇരുനൂറ്റിയമ്പതുമൊക്കെ ടണ്ണായിരുന്നു'-അദ്ദേഹം പറയുന്നു. കുട്ടനാട്ടിലെ കരിമീനിനെപ്പറ്റി പഠനം നടത്തിയിട്ടുണ്ട് പദ്മകുമാര്‍.

ശുദ്ധജല ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന ഇവ ഇപ്പോള്‍ കുട്ടനാട്ടിലെ നദികളില്‍ തീരെയില്ല. നദികള്‍ മലീമസമായതാണ് കാരണം.

ആലപ്പുഴയില്‍ പെട്ടിക്കണക്കിനു കരിമീനാണ് ദിവസവും തീവണ്ടികളിലും ലോറികളിലുമായി വരുന്നത്. കുട്ടനാടന്‍ കരിമീനിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് അയല്‍ സംസ്ഥാനത്തുനിന്ന് മീന്‍ കിട്ടും. ഇവിടെ കിലോയ്ക്ക് 400 രൂപ വില വരുമ്പോള്‍ ആന്ധ്രയില്‍ നൂറിനടുത്ത്. വലുപ്പക്കുറവ്, രുചിവ്യത്യാസം എന്നിവയാണ് പുറത്തുനിന്നുള്ളവയെ തിരിച്ചറിയാനുള്ള വഴി.
 
മത്സ്യങ്ങളിലെ ഏകപത്‌നീവ്രതക്കാരന്‍

വളരെ സവിശേഷതകളുള്ളവയാണ് കരിമീനുകള്‍. പ്രത്യേക ആവാസ വ്യവസ്ഥയിലേ ഇവ വളരൂ. ആണ്‍മത്സ്യങ്ങള്‍ക്ക് ഒരു ഇണ മാത്രമേ ഉണ്ടാകൂ. തെളിനീരില്‍ മാത്രമാണ് മുട്ടയിടാറ്്. വെള്ളത്തിനടിയില്‍ പ്രത്യേകം കുഴിയുണ്ടാക്കി കുഞ്ഞുങ്ങളെ അവിടെ സംരക്ഷിക്കും.

25 ദിവസം പ്രായമാകുംവരെ അമ്മയുടെ ശരീരത്തിലുള്ള പ്രത്യേക കൊഴുപ്പാണ് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം. അച്ഛനും അമ്മയും കുഞ്ഞുങ്ങളെ പരിചരിച്ചു വലുതാക്കുംവരെ ഭക്ഷണമെടുക്കില്ലെന്നതും പ്രത്യേകതയാണ്. ഈ കാലയളവില്‍ രണ്ടു മീറ്റര്‍ ചുറ്റളവില്‍ പ്രത്യേക താവളമുണ്ടാക്കി അച്ഛന്‍ മത്സ്യം കുഞ്ഞുങ്ങള്‍ക്ക് കാവല്‍ നില്‍ക്കുമെന്നും ഡോ. കെ.ജി. പദ്മകുമാര്‍ പറഞ്ഞു.