കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മലയാളം അസോ. പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ ഒന്നാം റാങ്ക് ഡോ. പ്രിയാ വർഗീസിനു തന്നെയെന്ന് സൂചന.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം.പി. യുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയയെ അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത് ചട്ടവിരുദ്ധമായാണെന്ന് പ്രതിപക്ഷ സംഘടനകൾ ആക്ഷേപം ഉന്നയിച്ചിരുന്നു.

തൃശ്ശൂർ കേരളവർമ കോളേജിലെ അസി. പ്രൊഫസറായ പ്രിയയ്ക്ക് എട്ടുവർഷത്തെ അധ്യാപന പരിചയമില്ലെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചത്. എന്നാൽ, ഫാക്കൽറ്റി ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ഗവേഷണം നടത്തിയ മൂന്നുവർഷവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച രണ്ടുവർഷവും അടക്കം എട്ടുവർഷത്തിലധികം അധ്യാപന പരിചയമുണ്ടെന്ന് പ്രിയാ വർഗീസ് അവകാശപ്പെട്ടു. ഇത് അംഗീകരിച്ചാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

പത്ത്‌ അപേക്ഷ ലഭിച്ചു. ആറുപേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ മലയാള വിഭാഗം തലവനായ ഡോ. ജോസഫ് സ്‌കറിയയ്ക്കാണ് രണ്ടാം റാങ്ക്. തിങ്കളാഴ്ച ചേരുന്ന സിൻഡിക്കേറ്റ് റാങ്ക് പട്ടിക അംഗീകരിക്കും.