കണ്ണൂർ: മൂല്യനിർണയസമയത്തുതന്നെ ബിരുദ, പി.ജി. പരീക്ഷകളുടെ വിജയത്തിളക്കം കൂട്ടാനുള്ള വിവാദനിർദേശവുമായി കണ്ണൂർ സർവകലാശാല. നിയമം പാലിക്കാതെ കുറുക്കുവഴിയിലൂടെയുള്ള മാർക്ക്‌ ദാനമാണിതെന്ന് ആരോപണമയുർന്നു. അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷയുടെയും മൂന്നാം സെമസ്റ്റർ പി.ജി. പരീക്ഷയുടെയും ഇപ്പോൾ നടക്കുന്ന മൂല്യനിർണയ ക്യാമ്പിലെ ചെയർമാൻമാർക്കാണ് നിർദേശം നൽകിയത്.

നിലവിലുള്ള നിയമപ്രകാരം 40 മാർക്കുള്ള തിയറി പരീക്ഷയ്ക്ക് ആകെ മാർക്കിന്റെ 40 ശതമാനമായ 16 മാർക്ക് ലഭിച്ചാൽ മാത്രമേ ആ പേപ്പർ വിജയിക്കൂ. എന്നാൽ പുതിയ നിർദേശപ്രകാരം എല്ലാവർക്കും ആനുപാതികമായി നിശ്ചിത മാർക്ക് കൂട്ടിനൽകും. 12 മാർക്ക് കിട്ടുന്ന വിദ്യാർഥിയെ നാല് മാർക്കുകൂടി നൽകി വിജയിപ്പിക്കാനാകും. 30 മുതൽ 39 വരെ മാർക്ക് കിട്ടുന്നവർക്ക് 10 മാർക്ക് കൂട്ടി നൽകി പരമാവധി മാർക്കായ 40 കൊടുക്കാനാണ് തീരുമാനം. 30-ഉം 39-ഉം മാർക്ക് കിട്ടിയ കുട്ടികൾക്ക് 40 മാർക്ക് നൽകണമെന്ന വിചിത്ര നിർദേശമാണ് നൽകിയത്. ആകെ 40 മാർക്കുമുള്ള ഒരു പേപ്പറിന് കുട്ടിക്ക് ലഭിച്ച മാർക്കിനെ ആദ്യം 30 മാർക്കിലേക്ക് മാറ്റുകയും പിന്നീട് അതിനെ 40-ലേക്ക് മാറ്റുകയുമാണ് ചെയ്യുക.

കോവിഡ് പശ്ചാത്തലത്തിലാണ് സർവകലാശാല ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് സൂചന. പലരും കൃത്യമായി ക്ലാസുകൾ പൂർത്തിയാക്കാത്തതിനാൽ അധ്യാപകസംഘടനകളും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. നിലവിലുള്ള നിയമങ്ങൾ അട്ടിമറിച്ചാണ് മാർക്ക്‌ ദാനം നൽകാനുള്ള തീരുമാനമെന്നാണ് അക്കാദമിക് വിദഗ്ധർ പറയുന്നത്. സർവകലാശാലാ റെഗുലേഷനിൽ എന്തെങ്കിലും മാറ്റംവരുത്തണമെങ്കിൽ അക്കാദമിക് കൗൺസിലാണ് തീരുമാനമെടുക്കേണ്ടത്. എന്നാൽ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നതിന് സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ ചേരുകയോ നിയമത്തിൽ ഭേദഗതിവരുത്തുകയോ ചെയ്തിട്ടില്ല. സർവകലാശാലയുടെ അക്കാദമിക് റെഗുലേഷൻ കമ്മിറ്റിയും ഇത്തരം നിർദേശം നൽകിയിട്ടില്ലെന്നാണ് വിവരം.

സിൻഡിക്കേറ്റിന്റെ പരീക്ഷാ മോണിറ്ററിങ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് വിവാദതീരുമമെടുത്തിട്ടുള്ളത്. സർവകലാശാലാ അക്കാദമിക് വിഭാഗം ഇത്തരമൊരു തീരുമാനം അറിഞ്ഞിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ മറ്റ്‌ സർവകലാശാലകൾ കുട്ടികൾക്ക് ചോദ്യങ്ങളുടെ എണ്ണം കൂട്ടി കൂടുതൽ ഓപ്ഷനുകൾ നൽകുമ്പോൾ കണ്ണൂർ സർവകലാശാല നേരിട്ട് വിജയശതമാനം കൂട്ടാൻ കുറുക്കുവഴി തേടുന്നുവെന്നാണ് വിമർശം. ഇതുകൂടാതെ മൂല്യനിർണയത്തിനുശേഷം മോഡറേഷൻ നൽകാനുള്ള സാധ്യതയുമുണ്ട്.

വി.സി.ക്ക് അധികാരമുണ്ട്

അക്കാദമിക് കൗൺസിൽ ചേരാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വൈസ് ചാൻസലർക്ക് പ്രത്യേക അധികാരമുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇത് മോഡറേഷനല്ല.

പ്രൊഫ. എ.സാബു,

പ്രൊ വൈസ് ചാൻസലർ, കണ്ണൂർ സർവകലാശാല