കണ്ണൂർ: വ്യാഴാഴ്ച പകൽ 11.50-നായിരുന്നു അവരുടെ പിറവി. കണ്ണൂർ കൊയിലി ആശുപത്രിയിലെ പ്രസവമുറിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഇരട്ട പെൺകുഞ്ഞുങ്ങൾ. വാഹനാപകടത്തിൽ അച്ഛൻ വിടപറഞ്ഞ് ഒരുവർഷവും 30 ദിവസവും പിന്നിടുന്ന ദിവസമാണ് അവർ പുതുലോകത്തേക്ക് പിറന്നുവീണത്.

2017 ഓഗസ്റ്റ് 15-ന് നിലമ്പൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ബ്രണ്ണൻ കോളേജ് മലയാളവിഭാഗം അസി. പ്രൊഫസർ കെ.വി. സുധാകരന്റെ ഭാര്യ ഷിൽനയാണ് വ്യാഴാഴ്ച രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. സുധാകരന്റെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജധാരണം (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) വഴിയായിരുന്നു ഗർഭധാരണം.

2006 ഏപ്രിൽ 22-നാണ് പേരാവൂരിലെ പി.വി. പവിത്രന്റെയും പുഷ്പവല്ലിയുടെയും മകൾ ഷിൽനയും പെരുമ്പടവിനുസമീപം ഏളയാട്ടെ കുഞ്ഞിരാമൻ-ഓമന ദമ്പതിമാരുടെ മകൻ സുധാകരനും വിവാഹിതരായത്. കല്യാണസമയത്ത് ‘മാതൃഭൂമി’ കാസർകോട് ബ്യൂറോയിൽ ലേഖകനായിരുന്നു സുധാകരൻ.

sudhakaran
സുധാകരന്‍

കഥാകൃത്തുകൂടിയായ സുധാകരൻ പിന്നീടാണ് അധ്യാപകനായത്. കണ്ണൂരിലെ ഡോ. ഷൈജൂസിന്റെ മേൽനോട്ടത്തിലായിരുന്നു ഷിൽനയ്ക്ക് ഗർഭധാരണത്തിനുള്ള ചികിത്സ. ചികിത്സക്കാലത്ത് ശേഖരിച്ച ബീജമാണ് കൃത്രിമ ബീജധാരണത്തിനായി ഉപയോഗിച്ചത്. പ്രസവത്തിനായാണ് കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഷിൽനയുടെ ചികിത്സയ്ക്കിടെയാണ് സുധാകരൻ മരിച്ചത്. ജോലിയുടെ ഭാഗമായി പരീക്ഷാപ്പേപ്പർ മൂല്യനിർണയത്തിനായി സഹപ്രവർത്തകർക്കൊപ്പം തേഞ്ഞിപ്പലത്തെത്തിയതായിരുന്നു. ഇതിനിടെ സഹപ്രവർത്തകർക്കൊപ്പം നിലമ്പൂരിലേക്ക് വിനോദയാത്ര പോയി. യാത്രാമധ്യേ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഉടൻ നാട്ടിലെത്തണമെന്ന സന്ദേശം ലഭിച്ചു. യാത്രചെയ്ത വാഹനത്തിൽനിന്നിറങ്ങി നാട്ടിലേക്ക് വണ്ടിപിടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ഫെഡറൽ ബാങ്ക് കണ്ണൂർ ശാഖയിൽ ലോൺ സെക്ഷനിൽ മാനേജരായ ഷിൽനയുടെ ആഗ്രഹമായിരുന്നു സുധാകരന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നത്. ബന്ധുക്കളും ഷിൽനയുടെ സ്വപ്നത്തിനൊപ്പം നിന്നു.