കണ്ണൂര്‍: 'മാറിനില്‍ക്ക്'- പിണറായിയുടെ ഈ വാക്കിന് ബേസിക് അമല യു.പി. സ്‌കൂളിലെ കുട്ടിക്കുപ്പായക്കാരനോളം പഴക്കമുണ്ട്. കൈത്തണ്ടയില്‍ പുസ്തകസഞ്ചി തൂക്കി പിണറായിയിലെ ആ കുഞ്ഞുസ്‌കൂളിലെ പടികടന്നെത്തിയിരുന്ന വിജയന്‍, കുരുത്തംകെട്ടവനോ എടുത്തുചാട്ടക്കാരനോ ആയിരുന്നില്ല. പക്ഷേ, കുരുത്തക്കേട് കണ്ടപ്പോഴൊക്കെ ഇടപെടുന്ന ശീലക്കാരനായിരുന്നു. പക്ഷംപിടിക്കാതെ പരാതി തീര്‍ക്കുന്നവന്‍. അങ്ങനെ കുട്ടിവിജയന് അന്ന് അമല സ്‌കൂളിലൊരു പേരുവീണു. മധ്യസ്ഥന്‍ വിജയന്‍.

കൂട്ടുകാര്‍ തമ്മിലടിക്കുമ്പോള്‍ പിടിച്ചുമാറ്റി അന്നേ പറഞ്ഞുതുടങ്ങിയതാണ് മാറിനില്ക്കാന്‍. പിന്നെ വളര്‍ന്നപ്പോള്‍ അത് മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം കേള്‍ക്കേണ്ടിവന്നു. 'അല്ല നമ്മുടെ മധ്യസ്ഥന്‍ വിജയനില്ലേ' ക്ലാസില്‍ വിജയനെത്താതിരുന്ന ദിവസങ്ങളില്‍ അധ്യാപകരന്വേഷിച്ചു. ഇളംചിരിയുമായി മുന്‍ബെഞ്ചില്‍ അനുസരണയോടെ ഇരിക്കുന്ന വിജയനെ അധ്യാപകര്‍ക്കും ഇഷ്ടമായിരുന്നു.

പിണറായി വിജയനെന്ന രാഷ്ട്രീയനേതാവിന്റെ ജീവിതയാത്രയില്‍ എല്ലായിടത്തും ഈ മധ്യസ്ഥതയുണ്ട്. അതില്‍ കാര്‍ക്കശ്യവും ശാസനവും ഉപദേശവും നിര്‍ദേശവുമെല്ലാം ആവശ്യമായ തോതില്‍ ചേര്‍ത്താണ് ഉപയോഗിച്ചതെന്ന് മാത്രം.
അഞ്ചരക്കണ്ടിപ്പുഴയിലെ കടത്തുകാരനാണ് പിണറായിയെന്ന രാഷ്ട്രീയനേതാവിനെ തീര്‍ത്തതെന്ന് പറയാം. തലശ്ശേരി ബ്രണ്ണന്‍ കോളേജിലാണ് ബിരുദപഠനത്തിന് ചേര്‍ന്നത്. പിണറായില്‍നിന്ന് അഞ്ചരക്കണ്ടിപ്പുഴ കടന്നുവേണം ബ്രണ്ണനിലേക്ക് പേകാന്‍. കടത്തുകൂലിയായി വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കായിരുന്നു.
 
ഒരുദിവസം ഇത് പെട്ടെന്ന് കൂട്ടി. കൂലിപ്പണിക്കാരുടെ മക്കളായിരുന്നു എല്ലാം. കടത്തുകൂലി കൂട്ടിയത് ഇവര്‍ക്ക് താങ്ങാനാവുന്നതായിരുന്നില്ല. ബ്രണ്ണന്‍ കോളേജില്‍ ഒന്നാംവര്‍ഷക്കാരനായിരുന്നു അന്ന് വിജയന്‍. കോളേജിലെത്തിയപ്പോള്‍ ഒപ്പമുള്ളവരും സീനിയേഴ്‌സുമെല്ലാം കടത്തുകൂലി കൂട്ടിയതിന്റെ സങ്കടം പങ്കുവെച്ചു. 'നമുക്ക് ഒന്നിച്ചുപോയി അദ്ദേഹത്തോട് കൂലി കുറയ്ക്കാന്‍ പറയാം'-വിജയന്‍ പറഞ്ഞു. എല്ലാവരും ചേര്‍ന്ന് കടവിലെത്തി. തോണിയില്‍ കയറി. കടത്തുകൂലി കുറയ്ക്കണമെന്ന് വിജയന്‍ സൗമ്യമായി പറഞ്ഞു. ഇത് കേട്ടപാടെ കടത്തുകാരന്‍ തോണി ആട്ടിയുലയ്ക്കാന്‍ തുടങ്ങി.
 
'കൂലി കുറയ്ക്കാനല്ല, നിങ്ങളെ പുഴയില്‍മുക്കി കൊല്ലാനാണ് പോകുന്നത്' -അദ്ദേഹം അലറി. കരയില്‍നിന്ന് തോണി നീങ്ങിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പേടിച്ചരണ്ട വിദ്യാര്‍ഥികളില്‍ ഏറെപ്പേരും പുഴയിലേക്ക് ചാടി. അതോടെ തോണി വീണ്ടും ആടിയുലഞ്ഞു. വിജയന്‍ കടത്തുകാരനരികിലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു- 'എങ്കില്‍ ചാവാന്‍ ഞാനുണ്ട്'. തോണി പുഴയുടെ നടുവിലേക്ക് നീങ്ങി. കുലുക്കമില്ലാതെ വിജയന്‍ നിന്നു. ഒടുവില്‍ മറുകരയ്‌ക്കെത്തുന്നതിന് തൊട്ടുമുമ്പ് കടത്തുകാരന്‍ സമ്മതിച്ചു- 'കൂലി കുറയ്ക്കാം'.

ഈ സംഭവത്തിനുശേഷം ബ്രണ്ണനിലെ നായകനായി വിജയന്‍ മാറി. അതുവരെ എസ്.എഫ്.ഐ.യുടെ ആദ്യരൂപമായ കെ.എസ്.എഫിലെ അംഗം മാത്രമായിരുന്ന വിജയന്‍, പിന്നീട് നേതാവായി വളര്‍ന്നു. പിണറായി വിജയനായി, ഇപ്പോള്‍ കേരളത്തിന്റെ മുഖ്യനായി.

അളന്നുമുറിച്ച വാക്കുകള്‍. ആര്‍ക്കും മനസ്സിലാകുന്ന ഭാഷ. വിട്ടുവീഴ്ചയില്ലാത്ത നിലപാട്. പിണറായിയുടെ ഈ സ്വഭാവമൊക്കെ ഇ.എം.എസ്സില്‍നിന്ന് ഉള്‍ക്കൊണ്ടതാണെന്ന് പറയുന്നുണ്ട്. പക്ഷേ, ഇ.എം.എസ്സിനില്ലാത്ത ഒന്നു കൂടിയുണ്ട് വിജയന്, വാക്കും നിലപാടും മുമ്പേ അറിയിക്കുന്ന ഒരു ശരീരഭാഷ. അത് അമല സ്‌കൂളിലെ കുട്ടിക്കുപ്പായക്കാരനില്‍നിന്നേ തുടങ്ങുന്നതാണ്.