കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുക്കുന്നതിൽ പ്രവർത്തകരുടെയും പ്രാദേശിക നേതൃത്വത്തിന്റെയും വികാരം മാനിച്ചില്ലെന്നാരോപിച്ച്‌ മുസ്‌ലിം ലീഗ്‌ നേതാക്കളുടെ വാഹനം യൂത്ത് ലീഗ്‌ പ്രവർത്തകർ തടഞ്ഞു. മുദ്രാവാക്യം മുഴക്കുകയും കറുത്തകൊടി കാട്ടുകയും ചെയതു. തിങ്കളാഴ്ച രാവിലെ ജവഹർ ലൈബ്രറിക്ക്‌ മുന്നിലാണ് സംഭവം.

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദർ മൗലവി, ജില്ലാ പ്രസിഡന്റ്‌ പി. കുഞ്ഞിമുഹമ്മദ്‌, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരിം ചേലേരി എന്നിവർ സഞ്ചരിച്ച വാഹനമാണ്‌ തടഞ്ഞത്‌. പ്രതിഷേധിച്ച പ്രവർത്തകരും നേതാക്കളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മേഖലാ യൂത്ത്‌ ലീഗ്‌ ജനറൽ സെക്രട്ടറി റാഷിദ്‌ തായത്തെരുവിന്റെ നേതൃത്വത്തിലാണ്‌ പ്രവർത്തകർ പ്രതിഷേധിച്ചത്‌.

മുസ്‌ലിം ലീഗിലെ കെ. ഷബീനയെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയാക്കിയതിനെ ചൊല്ലിയായിരുന്നു പ്രതിഷേധം. ആയിക്കര വാർഡിൽനിന്ന്‌ വിജയിച്ച സാബിറ, കസാനക്കോട്ടയിൽനിന്ന്‌ വിജയിച്ച ഷമീമ ഇസ്‌ലാഹി എന്നിവരിൽ ആരെയെങ്കിലും ഡെപ്യൂട്ടി മേയറാക്കണമെന്നാണ് യൂത്ത് ലീഗും സിറ്റി മേഖലാകമ്മിറ്റിയും ആവശ്യപ്പെട്ടത്‌. കൗൺസിൽ യോഗം വിളിക്കാതെ പാർലമെന്ററി ബോർഡ്‌ കൂടി ഏകപക്ഷീയമായി കെ. ഷബീനയെ ഡെപ്യൂട്ടി മേയർ ആക്കുകയായിരുന്നുവെന്ന്‌ പ്രതിഷേധക്കാർ പറഞ്ഞു.

ഞായറാഴ്ച നടന്ന യോഗത്തിൽനിന്ന്‌ നേതാക്കളായ കെ.പി. താഹിർ, ടി.എ. തങ്ങൾ തുടങ്ങിയവർ ഇറങ്ങിപ്പോയി. എന്നാൽ കെ. ഷബീനയെ തിരഞ്ഞെടുത്തത് ഐകകണ്ഠ്യേനയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി പറഞ്ഞു. പാർട്ടിയെടുത്ത തീരുമാനം അംഗീകരിക്കാൻ എല്ലാ പ്രവർത്തകരും ബാധ്യസ്ഥരാണ്. പ്രതിഷേധക്കാർക്കെതിരേയുള്ള നടപടി പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂർ മേഖല ജനറൽ സെക്രട്ടറി റാഷിദ് തായത്തെരു രാജിവെച്ചു.