കണ്ണൂര്‍: പെട്രോള്‍പമ്പുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പാലിച്ചിരുന്ന ദൂരനിയന്ത്രണത്തില്‍ കുറവുവരുത്തി. ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സിന്റെ ഉത്തരവ് അപകടസാധ്യത പരിഗണിക്കാതെയുള്ളതാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പെട്രോള്‍ നല്‍കുന്ന ഡിസ്‌പെന്‍സര്‍ യന്ത്രത്തിന്റെ ആറുമീറ്റര്‍ പരിധിയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിലവിലുണ്ടായിരുന്ന നിയന്ത്രണം. ഇപ്പോള്‍ ഈ ദൂരപരിധി 45 സെന്റിമീറ്ററായി കുറച്ചു. തറനിരപ്പില്‍നിന്ന് 1.2 മീറ്റര്‍ വരെ മാത്രമായും നിയന്ത്രണം കുറച്ചു.

പണമിടപാടുകള്‍ ഡിജിറ്റലാകുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍. ഇ-വാലറ്റുകളും പി.ഒ.എസുകളുംവഴി പണം സ്വീകരിക്കാന്‍ പമ്പുകളില്‍ കടുത്ത സമ്മര്‍ദമുണ്ട്. എന്നാല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച നിയമത്തില്‍ പറയുന്ന അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുമുണ്ട്. ഇന്ധനം നിറച്ചുകൊണ്ടിരിക്കുമ്പോള്‍ പി.ഒ.എസുകളും മൊബൈല്‍ഫോണുകളും ഇ-വാലറ്റുകളും ഉപയോഗിക്കരുതെന്ന് നിര്‍ദേശം ഇപ്പോഴുമുണ്ട്.
 
2002-ലെ പെട്രോളിയം നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പെട്രോള്‍പമ്പുകളില്‍ മൊബൈല്‍ ഫോണടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ നിറയ്ക്കുകയോ ശേഖരിക്കുകയോ വിതരണംചെയ്യുകയോ ചെയ്യുന്നിടത്ത് ഇലക്ട്രോണിക് ഉപകരണങ്ങളോ ഇലക്ട്രിക് വയറുകളോ ഉണ്ടാവാന്‍ പാടില്ലെന്ന് 102-ാം നിര്‍ദേശത്തില്‍ പറയുന്നു.

തീപിടിക്കുന്ന ദ്രാവക ഇന്ധനത്തിന്റെയോ അതിന്റെ ബാഷ്പത്തിന്റെയോ സാന്നിധ്യമുള്ള സ്ഥലം അപകടമേഖലയാണെന്നും നിയമത്തില്‍ പറയുന്നുണ്ട്. 105-ാം നിര്‍ദേശത്തില്‍ ഈ അപകടമേഖലയില്‍ മാറ്റംവരുത്താനുള്ള അധികാരം ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സിന് നല്‍കുകയും ചെയ്തു. ഈ അധികാരം ഉപയോഗിച്ചാണ് ദൂരപരിധിയില്‍ മാറ്റംവരുത്തിയത്. അതേസമയം, അപകടസാധ്യത കുറയ്ക്കാനുള്ള ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുമില്ല.

നിയന്ത്രണം കുറയ്ക്കുന്നത് അപകടസാധ്യത കൂട്ടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പി.ഒ.എസുകളിലും മൊബൈല്‍ഫോണുകളിലും ബാറ്ററികളാണുള്ളത്. ഇതിലുണ്ടാകുന്ന തകരാര്‍ അപകടത്തിനിടയാക്കും. ചെറിയതോതിലുള്ളതെങ്കിലും മൊബൈല്‍ഫോണിലെ റേഡിയേഷനും കാലാവസ്ഥാ ഭേദത്തിനനുസരിച്ച് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.