കണ്ണൂർ: കണ്ണൂർ മെഡിക്കൽകോളേജിലെ 2016-’17 ബാച്ച് എം.ബി.ബി.എസ്. വിദ്യാർഥികൾക്ക് അടച്ച തുകയുടെ ഇരട്ടി തിരിച്ചുനൽകണമെന്ന് സുപ്രീംകോടതി വിധിച്ചെങ്കിലും 25 പേർക്ക് ഒരു രൂപപോലും കിട്ടിയില്ല. പ്രവേശന മേൽനോട്ടസമിതി സുപ്രീംകോടതിയിൽ സമർപ്പിച്ച പത്രികയിലാണ് ഇക്കാര്യമുള്ളത്.

ഒരു വർഷത്തെ ഫീസിന് പുറമേ 10 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിക്കാമെന്നാണ് പ്രവേശനസമയത്തെ കോടതി വിധി. 35 ലക്ഷം മുതൽ ഒരു കോടി വരെ വിദ്യാർഥികളിൽനിന്ന് നിർബന്ധപൂർവം പിരിച്ചെടുത്തിട്ടുണ്ട്. വാർഷികഫീസായി 10 ലക്ഷമാണ് വാങ്ങിയത്. ബാക്കിത്തുക മുൻകൂർ ഫീസോ തലവരിയോ ആണ്.

സുപ്രീംകോടതി നിർദേശം പാലിക്കാത്ത കണ്ണൂർ മെഡിക്കൽ കോളേജിന് ഈ വർഷം എം.ബി.ബി.എസിന് അഫിലിയേഷൻ നൽകരുതെന്ന മേൽനോട്ടസമിതിയുടെ ശുപാർശ നടപ്പാക്കണമെന്നാണ് രാജേന്ദ്രബാബു കമ്മിറ്റി സെപ്റ്റംബർ നാലിന് നൽകിയ പത്രികയിലുള്ളത്. ഈ കേസ് സെപ്റ്റംബർ 18-ന് സുപ്രീംകോടതി പരിഗണിക്കും.

പഠനാവസരം നഷ്ടപ്പെട്ട 150 വിദ്യാർഥികളിൽ കോടതി ഉത്തരവിന് മുമ്പുതന്നെ 14 പേർ സർട്ടിഫിക്കറ്റുകൾ തിരികെവാങ്ങി മടങ്ങി. അവർക്ക് വാങ്ങിയ തുകയിലും 12 ലക്ഷം രൂപവരെ കുറച്ചാണ് മടക്കിനൽകിയത്. ഇക്കൂട്ടത്തിൽ 35-45 ലക്ഷം നൽകിയവരാണ് കൂടുതലും.

ഒരു രൂപപോലും തിരികെ കിട്ടാത്ത 25 പേരിൽനിന്ന് പ്രവേശനവേളയിൽ ഏഴുകോടി 52 ലക്ഷം രൂപയോളം മാനേജ്‌മെന്റ് വാങ്ങിയിരുന്നു. 47 ലക്ഷം രൂപവരെ നൽകിയവരാണിവർ. സുപ്രീംകോടതിയുടെ നിർദേശപ്രകാരം നിശ്ചിത സമയത്ത് 101 പേരുടെ അക്കൗണ്ടിലേക്കാണ് കോളേജ് മാനേജ്‌മെന്റ് പണം നൽകിയത്. എൻ.ആർ.ഐ. ക്വാട്ടയിൽ ചേർന്നവർക്ക് ഒരു വർഷത്തെ ഫീസായ 18 ലക്ഷത്തിന്റെ ഇരട്ടിയായ 36 ലക്ഷവും സ്പെഷ്യൽ ഫീസിന്റെ ഇരട്ടിയായ 3.30 ലക്ഷവുമാണ് നൽകിയത്. എന്നാൽ, ബാക്കി കൊല്ലങ്ങളിലേക്ക് മൂൻകൂറായി നൽകിയ പണം മടക്കിനൽകിയില്ല.

പ്രവേശനസമയത്ത് നൽകിയ തുകയായി വിദ്യാർഥികൾ അറിയിച്ച തുക മാനേജ്‌മെന്റ് ശരിവെച്ചതാണെന്നും സുപ്രീംകോടതിയെ രാജേന്ദ്രബാബു സമിതി അറിയിച്ചു. പണം തിരികെക്കിട്ടാൻ ആദ്യം മേൽനോട്ട സമിതിയെ സമീപിച്ചത് 81 പേരാണ്. അതിൽ ഒരാൾക്കെതിരേ മാത്രമാണ് കോളേജ് അധികൃതർ എതിർപത്രിക നൽകിയത്.

ഫീസായ മൂന്നു ലക്ഷം രൂപയ്ക്കു പുറമേ മാനേജ്മെൻറ് വാങ്ങിയ തുകയുടെ ഇരട്ടിയും ഫീസും വിദ്യാർഥികൾക്ക് തിരിച്ചുനൽകണമെന്നാണ് മേൽനോട്ട സമിതി മാനേജ്മെന്റിനെ അറിയിച്ചത്. ഇത് നൽകാത്ത സാഹചര്യത്തിൽ എം.ബി.ബി.എസ്. പ്രവേശനം തടഞ്ഞതിനു പുറമേ സി.ബി.ഐ. അന്വേഷണത്തിനും സാധ്യതയുണ്ട്. തുക തിരിച്ചുനൽകിയില്ലെങ്കിൽ വിദ്യാർഥികളുടെ മൊഴിയെടുക്കുമെന്നും സി.ബി.ഐ. അന്വേഷണത്തിനുത്തരവിടാൻ മടിക്കുകയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിൽ ചൊവ്വാഴ്ച തീരുമാനമറിയാം.