കണ്ണൂര്‍: ഭാരതം എങ്ങനെ തുടരണമെന്ന് തീരുമാനിക്കാന്‍ യുവാക്കള്‍ മൊബൈലില്‍നിന്ന് കണ്ണുകളുയര്‍ത്തണമെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുപ്പക്കാര്‍ സമൂഹത്തില്‍നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. സാഹിത്യസമ്മേളനത്തിലും അമ്പലപ്പറമ്പിലും തലനരച്ചവര്‍ മാത്രമായി. യുവാക്കള്‍ മൊബൈലിലേക്ക് തലകുമ്പിട്ടിരിക്കുകയാണ്. തെരുവുകളും ചര്‍ച്ചകളും സമരപ്പന്തലുകളും നിങ്ങളുടേതാണ്. നിങ്ങളില്ലാത്ത അവിടെ മറ്റു ചിലര്‍ കയറിയിരുന്ന് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കും. അത് തടയാന്‍ മൊബൈലില്‍ നിന്ന് കണ്ണുകളുയര്‍ത്തി മനുഷ്യനെ കാണണം. ഇന്നത്തെ തെറ്റായ സാഹചര്യത്തിന് വഴിവെച്ച ടെലിവിഷന് മുന്നില്‍ അടയിരുന്നുപോയ തലമുറയെ പ്രതിനിധീകരിച്ചാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സത്യസന്ധമായ നിലപാടുകളുമായി എഴുത്തുകാരന് പുതിയ സാഹചര്യത്തില്‍ ജീവിക്കാനാവാത്ത അവസ്ഥയാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ളവര്‍ മതകേന്ദ്രീകൃത സമൂഹത്തിന് കീഴില്‍ സന്തുഷ്ടരല്ല. ബഹുസ്വരതയുള്ള സമൂഹം നഷ്ടപ്പെട്ടുപോയതിന്റെ ദു:ഖത്തിലാണ് അവര്‍. പല രാജ്യങ്ങളിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പോകാനുള്ള അവസരമില്ല. ഈ സ്ഥിതി നമ്മുടെ ദേശത്തും സംജാതമാകാന്‍ വലിയ കാലതാമസമില്ല. സ്വാതന്ത്ര്യത്തിന്റെ ഒരംശം ഇവിടെ ഇപ്പോഴും ബാക്കി നില്പുണ്ട്. ഇത് സംരക്ഷിക്കാന്‍ അടുത്തിരുന്ന് ജാതിമതവര്‍ഗ വ്യത്യാസമില്ലാതെ കൂട്ടുകാരായി കാണാനുള്ള സ്‌നേഹത്തിന്റെ കണ്ണാണ് ഉണ്ടാകേണ്ടതെന്നും ബെന്യാമിന്‍ പറഞ്ഞു.
കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പ്രഭാഷണം നടത്തി. യൂണിയന്‍ ചെയര്‍മാന്‍ പി.എം.ദിഷ്ണ പ്രസാദ് അധ്യക്ഷത വഹിച്ചു.
സര്‍വകലാശാല രജിസ്ട്രാര്‍ ബാലചന്ദ്രന്‍ കീഴോത്ത്, ഡി.എസ്.എസ്. പ്രൊഫ. കെ.നാരായണന്‍, യൂണിയന്‍ സെക്രട്ടറി എം.വി.രതീഷ്, വൈസ് ചെയര്‍മാന്‍ ടി.വി.പ്രണവ് രാജ്, കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഓമന പങ്കന്‍, കോളേജ് ചെയര്‍മാന്‍ ശില്പ ജോണ്‍, എ.പി.അന്‍വീര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.