ഡോക്ടർമാരും പോലീസും ഡ്രൈവർമാരും ആരോഗ്യവകുപ്പും സാമൂഹികമാധ്യമങ്ങളും കൈകോർത്തപ്പോൾ രക്ഷിച്ചത് കുരുന്നുജീവൻ. പയ്യന്നൂരിലെ സ്വകാര്യപ്രസ് ജീവനക്കാരൻ ഏറ്റുകുടുക്കയിലെ ശ്യാംജിത്തിന്റെയും അപര്‍ണയുടെയും 28 ദിവസംമാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായിരുന്നു ഒരുമയുള്ള പ്രവർത്തനം. ചൊവ്വാഴ്ച വൈകീട്ടാണ് ശസ്ത്രക്രിയയ്ക്കായി നാലുമണിക്കൂർകൊണ്ട് പയ്യന്നൂരിൽനിന്ന് ആംബുലൻസ് എറണാകുളത്തെത്തിയത്.

ഹൃദയവാൽവിന് തകരാർ ബാധിച്ച കുട്ടിക്ക് അടിയന്തരശസ്ത്രക്രിയ ആവശ്യമാണെന്ന് പയ്യന്നൂർ സഹകരണ ആശുപത്രിയിലെ ശിശുരോഗവിദഗ്ധൻ ഡോ. മനോജ് നിർദേശിച്ചു. ഇതേ ആശുപത്രിയിലെ വിസിറ്റിങ് ഡോക്ടർകൂടിയായ എറണാകുളം അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. മഹേഷുമായും ഫോണിൽ സംസാരിച്ചു. അമൃതയിൽ അടിയന്തര ശസ്ത്രക്രിയയ്‌ക്കുള്ള ഒരുക്കങ്ങൾ ഏർപ്പാടാക്കിയതും ഡോ. മനോജായിരുന്നു.

പോലീസുമായി ബന്ധപ്പെട്ടതോടെ ആബുലൻസിന് വഴിയൊരുക്കാൻ പോലീസ് വാഹനങ്ങളും തയ്യാറായി. വിവരം ആരോഗ്യമന്ത്രിയുടെ പി.എ.പി.സന്തോഷിനെയും അറിയിച്ചു. ഡ്രൈവർമാരായ കെ. പ്രഭാതും കെ.ആർ. വിനീതും ആബുലൻസെടുക്കുവാൻ തയ്യാറായി. കൂടെപോകാൻ ആശുപത്രിയിലെ മെഡിക്കൽ ജീവനക്കാരൻ ജെയ്‌സൺ ഏഴിലോടും തയ്യാറായി. പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് 6.30-ഓടെ കുരുന്നിനെയുംകൊണ്ട് ആബുലൻസ് എറണാകുളത്തേക്ക് പുറപ്പെട്ടു. പയ്യന്നൂർനിന്ന് പോലീസ് എസ്‌കോർട്ടോടെ കുതിച്ച ആബുലൻസ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന സ്ഥലങ്ങളിലും തടസ്സങ്ങളില്ലാതെ കടന്നുപോയി. വടകരയെത്തിയപ്പോഴേക്കും കുട്ടിയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന്റെ അറിയിപ്പുമെത്തി. രാത്രി 10.45-ഓടെ ആബുലൻസ് അമൃത ആശുപത്രിയിലെത്തി. പുലർച്ചെ ഒന്നോടെ ശസ്ത്രക്രിയ പൂർത്തിയാക്കി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് സുഖം പ്രാപിച്ചുവരികയാണ്.