കണ്ണൂർ: വിമാനത്താവളത്തിനുവേണ്ടി കുന്നുകൾ ഇടിച്ചുനിരപ്പാക്കുമ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ റൺവേയ്ക്കുസമീപം തലയുയർത്തി നിൽക്കുകയാണ് ഈ കൃത്രിമക്കുന്ന്. എൻജിനീയറിങ് വൈദഗ്ധ്യവും മനുഷ്യാധ്വാനവും ചേർന്ന് യാഥാർഥ്യമാക്കിയ ആ കുന്നിലാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ലാൻഡിങ് വഴികാട്ടിയായ ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം. ഇതിനോടുചേർന്നാണ് 3050 മീറ്ററുള്ള റൺവേ.

കുന്നുകളും കുഴികളും നിറഞ്ഞ മൂർക്കൻപറമ്പ് എങ്ങനെ നിരപ്പാക്കാമെന്ന ചർച്ചയ്ക്കിടയിലാണ് കുന്നുണ്ടാക്കാനുള്ള തീരുമാനമുണ്ടായതെന്ന് കിയാൽ എം.ഡി. വി. തുളസീദാസ് പറഞ്ഞു.

മറികടന്നത്‌ സിക്കിമിനെ

സിക്കിം വിമാനത്താവളത്തിനുവേണ്ടി 70 മീറ്റർ ഉയരത്തിലുണ്ടാക്കിയ കുന്നാണ് ഇത്തരത്തിൽ നേരത്തേയുള്ള നിർമിതി. അതിനെ കവച്ചുവെക്കുന്ന കണ്ണൂരിലെ കുന്നിന് 88 മീറ്ററാണ് ഉയരം. 240 മീറ്റർ നീളവും 150 മീറ്റർ വീതിയും 65 ഡിഗ്രി ചരിവുമുണ്ട് പൂർണമായും മണ്ണുകൊണ്ട് നിർമിച്ച കുന്നിന്. ഇതിന്റെ നിർമാണം പൂർത്തിയാവാത്തതിനെത്തുടർന്നാണ് വിമാനത്താവള നിർമാണം നിശ്ചയിച്ചതിലും വൈകിയതെന്ന് എം.ഡി. പറഞ്ഞു.

ചെന്നൈ ഐ.ഐ.ടി.യിലെ സിവിൽ എൻജിനീയറിങ് വിഭാഗം തലവൻ ഡോ. രാജഗോപാലാണ് രൂപകല്പനയ്ക്ക് നേതൃത്വം നൽകിയത്. 40 സെന്റീമീറ്റർ ഉയരത്തിൽ മണ്ണും അതിനുമുകളിൽ പോളിപെർപ്പലിൻ ‍(പെരാലിങ്ക്) മാറ്റും അടങ്ങിയ പാളികളായാണ് കുന്ന് നിർമിച്ചത്. കുന്നിനുമുകളിൽ ഹൈഡ്രോ സീഡിങ് സംവിധാനത്തിലൂടെ പുല്ല് വളർത്തി. കൺസൾട്ടൻ‌സിയായ എയികോമിലെ എൻജിനീയറായ സി. ശ്രീകുമാർ, ലാർസൻ ആൻഡ് ടൂബ്രോവിലെ പ്രോജക്ട് എൻജിനീയറിങ് മേധാവി പി.കെ. ശ്രീകുമാർ എന്നിവരും നിർമാണത്തിന് നേതൃത്വം നൽകി.

7.1 ലക്ഷം ലോഡ് (65 ലക്ഷം ക്യൂബിക് മീറ്റർ) മണ്ണ്‌ വേണ്ടിവന്നു ഈ കുന്നുണ്ടാക്കാൻ. വിമാനത്താവളസ്ഥലത്തുതന്നെ ആവശ്യത്തിന്‌ മണ്ണുണ്ടായതുകൊണ്ടാണ് പദ്ധതി വിജയിച്ചതെന്ന് കിയാൽ സിവിൽ എൻജിനീയറിങ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടറും കാലിക്കറ്റ് എയർപോർട്ട്‌ മുൻ ജനറൽ മാനേജരുമായ കെ.പി. ജോസ് പറഞ്ഞു.

content highlights: kannur airport, kannur international airport