ധർമശാല: കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ 16 മാസമായി പ്രിൻസിപ്പൽ തസ്തികയിൽ ശമ്പളം പറ്റുന്നത് രണ്ടുപേർ. 2018 ഒക്ടോബർ 27-നാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡോ. എൻ.വിജയകുമാർ പ്രിൻസിപ്പലായി ചുമതലയേറ്റത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ വിജയകുമാർ നാട്ടിൽ പോയ സമയത്ത് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ 2019 മാർച്ച് ഏഴിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാർച്ച് 11-ന് കോഴിക്കോട് സ്വദേശിനി ഡോ. വി.ഒ.രജിനി പ്രിൻസിപ്പലായി ചുമതലയേറ്റെടുത്തു. അതേ ഉത്തരവിൽ ഡോ. വിജയകുമാറിനെ പ്രൊഫസർ തസ്തികയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

ഡോ. വിജയകുമാർ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് പ്രിൻസിപ്പൽ തസ്തികയിൽനിന്ന് തരംതാഴ്ത്തിയതിനെതിരേ വിധി നേടി. ഈ വിധി 2019 മേയ്, ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ നീട്ടി നൽകി. 2019 ഒക്ടോബർ 14 മുതൽ അടുത്ത ഉത്തരവുവരെ അതേ തസ്തികയിൽ തുടരുന്നതിനും എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നതിനും അർഹതയുണ്ടെന്ന് ട്രിബ്യൂണൽ വീണ്ടും ഉത്തരവിട്ടു. ഈ ഉത്തരവിറങ്ങി എട്ടുമാസമായിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രശ്നത്തിൽ ഇടപെടുകയോ പരിഹരിക്കാൻ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.

അതിനിടെ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അവരവരുടെ തസ്തികകളിൽ തുടരുന്നവർക്ക് അർഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും മുടക്കമില്ലാതെ നൽകാൻ 2019 ജൂൺ 19-ന് ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രത്യേകം ഉത്തരവുമിറക്കി. പ്രിൻസിപ്പൽ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകം അലവൻസുമുണ്ട്. ഈ അലവൻസ് ഒരു സ്ഥാപനത്തിൽ രണ്ടുപേർക്ക് നൽകേണ്ട അത്യപൂർവ സാഹചര്യമാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് വരുത്തിവെച്ചത്. വകുപ്പിന്റെ കെടുകാര്യസ്ഥതകാരണം ഖജനാവിൽനിന്ന് പ്രതിമാസം ലക്ഷങ്ങളാണ് പാഴാകുന്നത്. ഉന്നതവിദ്യാഭ്യാസവകുപ്പിൽ ഭരണകക്ഷി സംഘടനയുടെ ഇടപെടലിനെത്തുടർന്നാണ് ഇത്തരം വിചിത്രമായ ഉത്തരവുകളിറങ്ങുന്നതെന്ന് ആക്ഷേപമുണ്ട്.