kannurകണ്ണൂര്‍: ലോകചരിത്രത്തില്‍ത്തന്നെ വിചിത്രവും വികാരഭരിതവുമായ ഒരു മലയാളി പെണ്‍പ്രതിഷേധത്തിന്റെ കഥ നൂറുവര്‍ഷത്തിനുശേഷം ലോകമാധ്യമ ശ്രദ്ധ നേടുന്നു. മാറുമറയ്ക്കുന്നതിന് നല്‌കേണ്ടിയിരുന്ന 'മുലക്കര'ത്തിനെതിരെ സ്വന്തം മാറിടം മുറിച്ച് പ്രതിഷേധിച്ചതായി കരുതപ്പെടുന്ന ചേര്‍ത്തല മുലച്ചിപ്പറമ്പിലെ നങ്ങേലിയെക്കുറിച്ചുള്ള കഥയാണ് കഴിഞ്ഞ ദിവസം ബി.ബി.സി. വാര്‍ത്തയാക്കിയത്.
 
അതിന് കാരണമായത് കണ്ണൂര്‍ സ്വദേശി ടി. മുരളിയുടെ ചിത്രങ്ങളും. ചരിത്രത്തില്‍ കുഴിച്ചുമൂടപ്പെട്ട ഒറ്റയാള്‍ പ്രതിഷേധമായാണ് കീഴാള സ്ത്രീയായ നങ്ങേലിയുടെ കഥ പ്രചരിച്ചിരുന്നത്. ചരിത്രം കാണിച്ച നീതികേടിന്റെ ചിത്രങ്ങളാണ് മുരളി കൂടുതലും വരച്ചിട്ടുള്ളത്. അതിലൊന്നാണ് നങ്ങേലിയുടെയും ചിത്രം. ബി.ബി.സിയുടെ വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത ഏറെ ശ്രദ്ധേയമായി. ഇപ്പോള്‍ മറ്റ് ദേശീയ മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും നങ്ങേലിയുടെ ത്യാഗത്തെ പ്രകീര്‍ത്തിച്ച് പ്രതികരണങ്ങള്‍ നിറയുന്നു.

ചേര്‍ത്തലയ്ക്കടുത്താണ് നങ്ങേലിയുടെ കുടുംബം താമസിച്ചിരുന്നത്. ബ്രിട്ടീഷുകാര്‍ക്ക് കീഴില്‍, രാജഭരണകാലത്ത് ഒട്ടേറെ നികുതികള്‍ കൊണ്ട് താഴെക്കിടയിലുള്ളവരെ കഷ്ടപ്പെടുത്തിയിരുന്നു. ഇക്കൂട്ടത്തില്‍പ്പെട്ടതായിരുന്നു 'മുലക്കരം'. തരിസാപ്പള്ളി ശാസനത്തില്‍ 'മുലൈവില' എന്നറിയപ്പെടുന്ന ഇത് യഥാര്‍ഥത്തില്‍ അടിമകളെ കൈമാറുന്നതിനുള്ള വിലയാണെന്നാണ് ചരിത്രപണ്ഡിതനായ ഡോ. എം.ആര്‍. രാഘവവാരിയര്‍ പറയുന്നത്. പെണ്‍ അടിമയ്ക്ക് കൊടുത്തിരുന്ന നികുതിയാണ് ഇതെന്നും അദ്ദേഹം പറയുന്നു.kannur

ആണ്‍ അടിമയ്ക്കും നികുതിയുണ്ടായിരുന്നു. അതാണ് 'തലൈവില'. പണിയെടുപ്പിക്കാന്‍ വേണ്ടി കീഴാള സ്ത്രീകളെ കൈമാറുമ്പോഴാണ് ഈ നികുതി ഈടാക്കിയിരുന്നത്. ഇതിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ച് മാറിട നികുതിയാക്കുകയായിരുന്നുവെന്നാണ് രാഘവവാരിയരുടെ അഭിപ്രായം. നികുതിപിരിക്കാന്‍ വന്ന പ്രവൃത്ത്യാര്‍ക്ക് മുന്നില്‍ തന്റെ മാറിടം മുറിച്ചുനല്കി പ്രതിഷേധിച്ച് മരിക്കുകയായിരുന്നു നങ്ങേലി എന്നാണ് കഥ. നങ്ങേലിയുടെ ചിതയില്‍ ഭര്‍ത്താവ് കണ്ടപ്പനും ചാടി മരിച്ചു.

ഈ കഥ പശ്ചാത്തലമാക്കി അക്രിലിക്കിലാണ് മുരളി ചിത്രരചന നടത്തിയത്. ഇംഗ്ലീഷ് പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ബി.ബി.സി. ഇദ്ദേഹവുമായി ബന്ധപ്പെടുന്നത്.
തുടര്‍ന്നാണ് വിശദമായ വാര്‍ത്തനല്കിയത്. കണ്ണൂര്‍ കക്കാട് സ്വദേശിയായ മുരളി തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍നിന്ന് പെയിന്റിങ്ങില്‍ ബി.എഫ്.എ. ബിരുദം നേടിയിട്ടുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം നവോത്ഥാന ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിവരികയാണ് ഇദ്ദേഹം.