1997-ൽ ഒരു ദിവസം കീഴല്ലൂർ മൂവരപ്പറമ്പ് എന്ന മൂർഖൻപറമ്പിൽ നട്ടപ്പൊരിയുന്ന വെയിലത്ത് കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിം സി.പി.എമ്മിന്റെ അന്നത്തെ ലോക്‌സഭാ പാർട്ടി ഉപനേതാവ് ഒ.ഭരതനൊപ്പം എത്തുകയാണ്. പാമ്പുകളുടെ താവളമായതിനാൽ അധികമാരുടെയും പാദസ്പർശമേൽക്കാത്ത കാടും പാറയുമാണ്. ജനതാദൾ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയിൽ വ്യോമയാനമന്ത്രിയായ ഇബ്രാഹിം കൂത്തുപറമ്പ് നീർവേലി സ്വദേശിയും കർണാടകയിൽ വ്യാപാരിയുമാണ്. കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം ഇടവേളയിൽ ജനതാദളിലെത്തിയാണ് മന്ത്രിയായത്. പ്രാദേശിക കക്ഷികളുടെ കൂട്ടായ്മയിലുള്ള മന്ത്രിസഭകൂടിയായിരുന്നു അത്. കോഴിക്കോട്ട് നടന്ന മലബാർ മഹോത്സവത്തിലാണ് കണ്ണൂരിൽ വിമാനത്താവളം സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ആ വാഗ്ദാനം ഒരനുഗ്രഹമായി കണ്ട് സംസ്ഥാന സർക്കാർ അതിവേഗത്തിൽ കാര്യക്ഷമമായ നടപടിയുമായി നീങ്ങി.

വിമാനത്താവളത്തിന് പറ്റിയ സ്ഥലമെന്ന് റിപ്പോർട്ട് കിട്ടിയതിനെത്തുടർന്നാണ് ഇബ്രാഹിം എത്തിയത്. നാട്ടുകാരുടെ വക ചെറിയൊരു സ്വീകരണം. ‘ഇതെന്താ പെണ്ണുകാണാൻ വന്നപ്പോത്തന്നെ താലികെട്ടോ’ നാടുവിട്ടുപോകുന്നതിനുമുമ്പ്, അതായത് അരനൂറ്റാണ്ടോളം മുമ്പ് കേട്ട നാട്ടുഭാഷയിൽ, നായനാർ സ്റ്റൈലിൽ ഇബ്രാഹിമിന്റെ പ്രസംഗം.

പെണ്ണുകാണാൻ വന്നപ്പോൾ താലി കെട്ടിയില്ലെങ്കിലും അന്ന് ധാരണയായതാണ് കണ്ണൂർ വിമാനത്താവളം മൂർഖൻപറമ്പിൽ എന്നത്.

അപ്പോഴാണ് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ കത്തിന് മറുപടിയായി കണ്ണൂർ വിമാനത്താവളനിർമാണത്തിന് അനുഭാവപൂർണമായ മറുപടി മന്ത്രി സി.എം.ഇബ്രാഹിമിൽനിന്നുണ്ടാകുന്നത്.

അങ്ങനെയാണ് 1997-ൽ ആദ്യം മുഖ്യമന്ത്രി ഇ.കെനായനാർ മുൻകൈയെടുത്ത് കണ്ണൂരിൽ വിമാനത്താവള കർമസമിതി രൂപവത്കരിക്കാൻ നിർദേശിക്കുന്നത്. വൈദ്യുതി-സഹകരണ മന്ത്രി പിണറായി വിജയൻ ചെയർമാനും പി.പി.ലക്ഷ്മണൻ വർക്കിങ് ചെയർമാനും പി.വി.കെ.നമ്പ്യാർ ഖജാൻജിയുമായ കർമസമിതി. കെ.സുധാകരൻ എം.എൽ.എ.യും പിന്നീട് എ.പി.അബ്ദുള്ളക്കുട്ടി എം.പി.യും ദീർഘകാലം ജനറൽ കൺവീനർമാർ. ‘മാതൃഭൂമി’യുടെ അന്നത്തെ കണ്ണൂർ ബ്യൂറോ ചീഫ് പി.പി.ശശീന്ദ്രൻ കർമസമിതിയുടെ വൈസ്‌ ചെയർമാനായിരുന്നു.

ഈ സമിതിയുടെ രൂപവത്കരണമാണ് നിർണായകമായത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് സൂപ്രണ്ടിങ് എൻജിനീയർ എസ്.ബി.എസ്.ഭക്ഷിയുടെ നേതൃത്വത്തിൽ അഞ്ചംഗസംഘം പരിശോധനയ്ക്കെത്തി. മാടായിപ്പാറയിൽ വിമാനത്താവളം അപ്രായോഗികമാണെന്നതിനാൽ ആദ്യമേ ഒഴിവാക്കി. പിന്നീട് മട്ടന്നൂർ വെള്ളിയാംപറമ്പും പനയത്താംപറമ്പും തളിപ്പറമ്പ് കരുവാരക്കുണ്ടും പരിശോധിച്ചു.

ഈ തിരച്ചിലിനിടയിലാണ് അധികം ജനസ്പർശമേൽക്കാത്ത മൂർഖൻപറമ്പ് തരക്കേടില്ലാത്ത സൈറ്റാകും എന്ന് റവന്യൂ ഇൻസ്പക്ടർ മുകുന്ദൻ ശ്രദ്ധയിൽപ്പെടുത്തുന്നത്. കീഴല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ഇ.കുമാരന്റെ നിർബന്ധബുദ്ധിയും അർപ്പിത പ്രവർത്തനവുമായപ്പോൾ സന്ദർശനം അങ്ങോട്ടേക്ക് നീങ്ങുകയായിരുന്നു.