കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി പരീക്ഷണപ്പറക്കലിന് വലിയവിമാനം ഈ മാസം എത്തും. രാജ്യത്തെ രണ്ട് പ്രമുഖ എയർലൈൻസ് കമ്പനികൾ ഇതിനായി വിമാനം അയക്കാൻ സന്നദ്ധത അറിയിച്ചു. റൺവേയിൽ സ്ഥാപിച്ച യന്ത്രസംവിധാനങ്ങൾ പൂർണമായും പ്രവർത്തനക്ഷമമാണെന്ന് കഴിഞ്ഞദിവസം കാലിബ്രേഷൻ നടത്തിയതിലൂടെ വ്യക്തമായിരുന്നു.

വിമാനത്താവളത്തിന് ലൈസൻസ് ലഭിക്കുന്നതിനുള്ള അന്തിമഘട്ട പരിശോധനകൾ വേഗത്തിലാക്കാൻ വ്യാഴാഴ്ച ഡൽഹിയിൽ വ്യോമയാന മന്ത്രാലയത്തിൽ കണ്ണൂർ വിമാനത്താവളം സംബന്ധിച്ച് ചേർന്ന യോഗം തീരുമാനിച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥരും കിയാൽ ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രത്യേക യോഗവും നടന്നു.

വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ വിദഗ്ധർ 17 മുതൽ 19 വരെ പരിശോധന നടത്തും. ഡൽഹിയിൽ വ്യാഴാഴ്ച വ്യോമയാന മന്ത്രാലയത്തിലും ഡി.ജി.സി.എ. ഓഫീസിലും നടന്ന യോഗങ്ങളിൽ കിയാൽ മാനേജിങ് ഡയറക്ടർ വി.തുളസീദാസും സ്പെഷ്യൽ ഓഫീസർ വിജയകുമാറും പങ്കെടുത്തു.

ഒക്ടോബർ അവസാനം വിമാനത്താവളം ഉദ്ഘാടനം ചെയ്യാനും നവംബർ ആദ്യം വാണിജ്യാടിസ്ഥാനത്തിൽ സർവീസ് തുടങ്ങാനുമാണ് കിയാൽ ഡയറക്ടർ ബോർഡിന്റെ തീരുമാനം. അതിനിടെ വിവിധ രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ ധാരണയിലെത്തിയ എയർ ഇന്ത്യയുടെ ഉദ്യോഗസ്ഥ സംഘം വിമാനത്താവളം സന്ദർശിച്ച് പരിശോധന നടത്തി. എയർ ഇന്ത്യയ്ക്ക് വിമാനത്താവളത്തിൽ ആവശ്യമായ സൗകര്യങ്ങൾ സംബന്ധിച്ച് സംഘം റിപ്പോർട്ട് നൽകും. അടുത്ത ദിവസങ്ങളിൽ മറ്റ് എയർലൈൻസുകളുടെ പ്രതിനിധികളും വിമാനത്താവളത്തിലെത്തി പരിശോധന നടത്തും.

കിയാൽ ഓഫീസ് ടെർമിനൽ കെട്ടിടത്തിലേക്ക്

മട്ടന്നൂർ: കണ്ണൂർ വിമാനത്താവള കമ്പനി കിയാലിന്റെ ഓഫീസ് പാസഞ്ചർ ടെർമിനൽ കെട്ടിടത്തിലേക്ക് മാറ്റുന്നു. നിലവിൽ മട്ടന്നൂർ നഗരസഭാ ഓഫീസിനുസമീപം പ്രവർത്തിക്കുന്ന ഓഫീസാണ് പദ്ധതി പ്രദേശത്തെ ടെർമിനൽ കെട്ടിടത്തിലേക്ക് മാറ്റുന്നത്. അഞ്ചുവർഷത്തിലേറെയായി ഓഫീസ് വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മാസം 1.5 ലക്ഷം രൂപയാണ് വാടക.

വിമാനത്താവളം പ്രവർത്തനം തുടങ്ങാനിരിക്കെയാണ് ഓഫീസ് വിമാനത്താവളത്തിലേക്ക് മാറ്റുന്നത്. നിലവിലുള്ള ഓഫീസിലെ ഫർണിച്ചർ പുതിയ ഓഫീസിലേക്ക് മാറ്റിത്തുടങ്ങി.