കണ്ണൂര്‍: ഇടയ്ക്കുവെച്ച് നിര്‍ത്തേണ്ടിവന്നാല്‍ കോഴ്‌സിന്റെ മുഴുവന്‍ ഫീസും തിരിച്ചടച്ചാല്‍മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കൂ എന്ന രാജ്യത്തെ ചില സ്വകാര്യ സ്വാശ്രയ കോളേജുകളുടെ കടുംപിടിത്തം വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് 25 ലക്ഷം രൂപ നല്‍കിയാണ് ഒരു വിദ്യാര്‍ഥി താത്കാലികമായി പ്രവേശനം നേടിയത്. ഒരു ദിവസംപോലും ക്ലാസില്‍ പോയിട്ടില്ലാത്ത വിദ്യാര്‍ഥി ചില കാരണങ്ങളാല്‍ പഠനം നിര്‍ത്തി. പക്ഷേ, സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കണമെങ്കില്‍ ഒരു കോടിരൂപ അടയ്ക്കാനാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. ഒരുവര്‍ഷമായി സര്‍ട്ടിഫിക്കറ്റ് അവിടെ തടഞ്ഞുവെച്ചിരിക്കുകയാണ്.

കര്‍ണാടകയിലെ കരാവലി ഫാര്‍മസി കോളേജില്‍ ഫാം.ഡി.ക്ക് ചേര്‍ന്ന പത്തനംതിട്ടക്കാരിയായ വിദ്യാര്‍ഥിനി തുടക്കത്തില്‍ പ്രവേശനത്തിന് അഞ്ചുലക്ഷംരൂപ നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധികാരണം പഠനം തുടരാന്‍ കഴിഞ്ഞില്ല. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും ഏഴുലക്ഷം രൂപ വേണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. കേസ് കൊടുക്കാന്‍പോലും കൈയില്‍ പണമില്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

കര്‍ണാടകത്തിലെതന്നെ ഹസ്സനാബാ ഡെന്റല്‍ കോളേജില്‍ ചേര്‍ന്ന വിദ്യാര്‍ഥിയോട് ഇടയ്ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ അഞ്ചുലക്ഷമാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. കൊടുക്കാത്തതിനെത്തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ബന്ദിയാക്കി. കര്‍ണാടകത്തിലെ ഒരു മന്ത്രിയെക്കണ്ട് ഇടപെട്ടശേഷമാണ് സര്‍ട്ടിഫിക്കറ്റ് തിരിച്ചുകൊടുത്തത്. കേരളത്തിനകത്തും പുറത്തും നൂറുകണക്കിന് കോളേജുകള്‍ ഇതുപോലെ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും പിടിച്ചുവെച്ചിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെച്ച്, പഠിക്കാത്ത കാലയളവിലെ ലക്ഷങ്ങളുടെ ഫീസ് പിടിച്ചുവാങ്ങുന്നത് നിയമവിരുദ്ധമാണെന്നും പരാതികിട്ടിയാല്‍ അത്തരം സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്നും നേരത്തേ എ.ഐ.സി.ടി.ഇ. (ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍) ഉത്തരവിട്ടിരുന്നു. ഇതിന്റെ കോപ്പിയുമായി മാനേജ്‌മെന്റിനെ കണ്ടപ്പോള്‍ അത് തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് കര്‍ണാടകയിലെ കോളേജധികൃതര്‍ അറിയിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

രാജ്യത്തെ സ്വാശ്രയ, സ്വകാര്യ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകള്‍, പൊളിടെക്‌നിക്കുകള്‍, എം.ബി.ഐ., എം.സി.എ. എന്നീ കോളേജുകള്‍, ഫാര്‍മസി കോളേജുകള്‍ എന്നിവയെല്ലാം എ.ഐ.സി.ടി.ഇ.യുടെ കീഴിലാണ്. മെഡിക്കല്‍ കോളേജുകള്‍ വേറെയാണ്. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നവര്‍ മറ്റുസ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ച് പോകാന്‍ തുടങ്ങുമ്പോഴാണ് മുഴുവന്‍ ഫീസ് അടയ്ക്കാന്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്. കുട്ടികള്‍ ഒഴിവായാല്‍ ആ സീറ്റ് മാനേജ്‌മെന്റിന് നഷ്ടമാണെന്നാണ് വാദം.

സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെയ്ക്കുന്നത് വെറും കച്ചവടമാണെന്നും ഇത്തരം സ്ഥാപനങ്ങളുടെ വാണിജ്യവത്കരണം അംഗീകരിക്കാനാവില്ലെന്നും എ.ഐ.സി.ടി.ഇ. അറിയിച്ചു.