കണ്ണൂര്‍: ചെങ്കല്‍പ്പാറപ്പരപ്പില്‍ വളരുന്ന പുതിയൊരു സസ്യവര്‍ഗത്തെക്കൂടി കണ്ടെത്തി. പാലാ സെന്റ് തോമസ് കോളേജിലെ സസ്യശാസ്ത്രവിഭാഗം ഗവേഷകരാണ് കണ്ണൂര്‍ ഇരിക്കൂറിനടുത്ത കല്യാട്, ബ്‌ളാത്തൂര്‍ ചെങ്കല്‍പ്പരപ്പുകളില്‍നിന്ന് പുല്‍വര്‍ഗത്തില്‍പ്പെട്ട പുതിയ ഇനം സസ്യത്തെ കണ്ടെത്തിയത്. പത്തു സെന്റീമീറ്ററിനടുത്ത് നീളമുള്ള പൂങ്കുലകളോടുകൂടിയ സസ്യത്തിന് ഡൈമേറിയ കല്യാടന്‍സ് (Dimeria kalliadense) എന്നാണ് പേരു നല്‍കിയിട്ടുള്ളത്.

ഇംഗ്ലണ്ടില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ചിന്റെ പുതിയ ലക്കത്തില്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്യാട്, ബ്‌ളാത്തൂര്‍ പാറപ്പരപ്പുകള്‍ക്കു പുറമെ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം, കാനായി, കാസര്‍കോട് ജില്ലയിലെ കരിന്തളം, മടിക്കൈ, സീതാംഗോളി എന്നിവിടങ്ങളിലും ഇവ വളരുന്നുണ്ട്.