കണ്ണൂര്‍: കേന്ദ്രീയ വിദ്യാലയങ്ങളിലെ താത്കാലിക അധ്യാപകര്‍ക്ക് ഓഗസ്റ്റ് മുതല്‍ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. അറിയിപ്പൊന്നുമില്ലാതെയാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. സംസ്ഥാനത്ത് അറുപതോളം കേന്ദ്രീയവിദ്യാലയങ്ങളിലായി നൂറുകണക്കിന് താത്കാലിക അധ്യാപകരുണ്ട്. ഓരോ വിദ്യാലയത്തിലും പത്തോളംപേര്‍ താത്കാലികക്കാരാണ്.

ശമ്പളം കൊടുക്കാത്തതിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഫണ്ടില്ലെന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ഥികളില്‍നിന്ന് പിരിക്കുന്ന ഫീസ് വിദ്യാലയ വികാസ് നിധിയിലാണ് ഉള്‍പ്പെടുത്തുക. അതില്‍നിന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം ശമ്പളം നല്‍കുന്നത്.

വിദ്യാര്‍ഥികളില്‍നിന്നും കൃത്യമായി ഫീസ് പിരിക്കുന്നുണ്ടെങ്കിലും ശമ്പളം കിട്ടുന്നില്ലെന്നാണ് അധ്യാപകരുടെ പരാതി. ഓരോവര്‍ഷത്തേക്കാണ് താത്കാലിക അധ്യാപകരെ നിയമിക്കുന്നത്. ഇങ്ങനെ നിയമിക്കുന്നവരില്‍ യോഗ, ക്രാഫ്റ്റ്, മലയാളം തുടങ്ങിയ പഠിപ്പിക്കുന്നവരെയും കായികാധ്യാപകരെയും ജനുവരിയില്‍ തന്നെ പിരിച്ചുവിടുകയാണ്. ഇതിന് കാരണം പറയുന്നതും ഫണ്ടില്ലായ്മയാണ്.

പൂജ, ഓണം, ദീപാവലി, ക്രിസ്മസ് എന്നീ അവധി ദിവസങ്ങളിലും പഠനാവധി സമയത്തും ശമ്പളം ലഭിക്കാറില്ല. മാസത്തില്‍ ഒരു ദിവസം ശമ്പളത്തോടെ അവധി നല്‍കാന്‍ റീജണല്‍ ഡയറക്ടറുടെ ഉത്തരവുണ്ടെങ്കിലും ഈ അവധിയും ലഭിക്കാറില്ല. ശമ്പളം ലഭിക്കാത്തതിനെക്കുറിച്ച് അധ്യാപകര്‍ കളക്ടര്‍ക്കും മേഖലാ ഡയറക്ടര്‍ക്കും പരാതി നല്‍കി.