കണ്ണൂര്‍: ഭിന്നശേഷിയുള്ളവരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഡോ. എം.കെ. ജയരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നാലുവര്‍ഷമായിട്ടും നടപ്പാക്കിയില്ല. 2012-ലാണ് കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചത്. 30,000 പേരെ നേരിട്ടുകണ്ട് 168 ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് വൈകാതെതന്നെ അദ്ദേഹം സമര്‍പ്പിച്ചു.

ഇതില്‍ വളരെക്കുറച്ച് മാത്രമേ നടപ്പായുള്ളൂ. ഇത്തരംകുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. അംഗീകാരമുള്ള 292 സ്‌പെഷ്യല്‍ സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 100 വിദ്യാര്‍ഥികളില്‍ കൂടുതലുള്ള സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡ് പദവിയിലേക്കുയര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പ്രാബല്യത്തിലായിട്ടില്ല.

സ്‌പെഷ്യല്‍ സ്‌കൂളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മറ്റു സര്‍ക്കാര്‍ അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ നല്‍കണമെന്ന ശുപാര്‍ശയും നടപ്പായില്ല.നടപ്പാക്കാത്ത ശുപാര്‍ശകള്‍* രോഗപ്രതിരോധ മാനസികാരോഗ്യ മരുന്നുകള്‍ സൗജന്യമാക്കുക.

* ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കുക.

* ഏര്‍ളി ഇന്റര്‍ വെന്‍ഷന്‍ സെന്ററുകള്‍ തുടങ്ങുക.

* രക്ഷാകര്‍ത്താക്കളുടെ കാലശേഷം ഇത്തരക്കാരെ സംരക്ഷിക്കാന്‍ ഓരോ ജില്ലയിലും ആജീവനാന്ത പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങുക.അവഗണന അവസാനിപ്പിക്കണം

''ആവശ്യങ്ങളും അവകാശങ്ങളും ചോദിച്ചുവാങ്ങാന്‍ ശേഷിയില്ലാത്തവരാണ് ഭിന്നശേഷിക്കാര്‍. ഇവരോട് ചെയ്യുന്ന അനീതി ഇനിയെങ്കിലും അവസാനിപ്പിക്കണം.'' -ഡോ. എം.കെ. ജയരാജന്‍