കണ്ണൂര്‍: ഇടതുപക്ഷത്തിന് ഒപ്പംനിന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് എം.വി.രാഘവന്‍ അവസാനകാലത്ത് തുറന്നുപറഞ്ഞിരുന്നുവെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് ഇക്കാര്യം തന്നോട് എം.വി.ആര്‍. പറഞ്ഞത്. പക്ഷേ, അത് പ്രാവര്‍ത്തികമാക്കുന്നതിനുമുന്‍പേ അദ്ദേഹത്തിന് മരണം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എം.വി.രാഘവന്റെ മൂന്നാം ചരമവാര്‍ഷികദിനത്തില്‍ കണ്ണൂരില്‍നടന്ന അനുസ്മരണസമ്മേളനവും പുരസ്‌കാരസമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു രാമചന്ദ്രന്‍ പിള്ള.

ഒപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെ കൂടെനിര്‍ത്താതെ ഇടത് ഐക്യം സാധ്യമാകില്ല. ഇടതുപാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കേണ്ട രാഷ്ട്രീയസാഹചര്യമാണ് ഇപ്പോഴുള്ളത്. ബി.ജെ.പി.ക്കെതിരെ മതേതരപാര്‍ട്ടികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണം. എന്നാല്‍, ബി.ജെ.പി.യുടെ സാമ്പത്തികനയം പിന്തുടരുന്ന പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് അകറ്റണമെന്നും അദ്ദേഹം പറഞ്ഞു.

അകന്നുപോയവരെ സ്വീകരിക്കുന്നതിന് സി.പി.എം. ഒരിക്കലും മടികാണിച്ചിട്ടില്ല. എം.വി.രാഘവന്‍ സി.പി.എമ്മിനെ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച നേതാവാണ്. ഒരുഘട്ടത്തില്‍ അദ്ദേഹം സി.പി.എമ്മുമായി അകന്നു. പാര്‍ട്ടിയുടെ കടുത്ത വിമര്‍ശനകനായി. അതേരീതിയില്‍ അതിനെ പ്രതിരോധിക്കാന്‍ സി.പി.എമ്മും ശ്രമിച്ചു. എന്നാല്‍, ഒരുമിച്ചുനീങ്ങാനുള്ള രാഷ്ട്രീയസാഹചര്യമുണ്ടാകുമ്പോള്‍ അത് ഉള്‍ക്കൊള്ളാനും ശ്രമിച്ചു.

തൃപുരയില്‍ നൃപന്‍ചക്രവര്‍ത്തിയുടെ കാര്യത്തിലും ഇതേ നിലപാടാണ് സി.പി.എം. സ്വീകരിച്ചതെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

എം.വി.ആര്‍. സ്മാരക പുരസ്‌കാരം ചടങ്ങില്‍ സമ്മാനിച്ചു. കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി എം.ഡി. ഡോ. പി.ആര്‍.കൃഷ്ണകുമാര്‍, പെരുമണ്‍ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സെഡ്.എ.സോയ എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പാട്യം രാജന്‍ അധ്യക്ഷതവഹിച്ചു. എം.വി.ആറിന്റെ ഭാര്യ ജാനകിയും ചടങ്ങില്‍ പങ്കെടുത്തു.

ജനതാദള്‍(യു) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്, സി.എം.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.കണ്ണന്‍, പി.ജയരാജന്‍, സി.പി.മുരളി, ടി.നിസാര്‍ അഹമ്മദ്, സി.വി.ശശീന്ദ്രന്‍, എം.എച്ച്. ഷാരിയാര്‍, ജി.സുഗുണന്‍, കെ.വി.വിജയന്‍, എം.വി.നികേഷ്‌കുമാര്‍, പ്രൊഫ. ഇ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.