കണ്ണൂര്‍: മദ്യമുതലാളിമാരുടെ പോക്കറ്റിനകത്തിരുന്ന് രാഷ്ട്രീയനയം സ്വീകരിക്കുന്ന സര്‍ക്കാരാണ് പിണറായിയുടെ നേതൃത്വത്തിലുള്ളതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ പറഞ്ഞു. യു.ഡി.എഫ്. നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മദ്യവര്‍ജനത്തിന് പ്രാധാന്യം നല്‍കുമെന്ന് പറഞ്ഞത് പാഴ്വാക്കും തട്ടിപ്പുമായി.
 
ഓരോ ഗാന്ധിജയന്തിദിനത്തിലും പത്തുശതമാനം ബാറുകള്‍ അടയ്ക്കുമെന്നതായിരുന്നു യു.ഡി.എഫിന്റെ മദ്യനയം. ഇപ്പോള്‍ ഓരോ ഗാന്ധിജയന്തി ദിനത്തിലും പത്ത് ബാര്‍ തുറക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
 
ഉമ്മന്‍ ചാണ്ടിയെയും കെ.എം.മാണിയെയും മദ്യത്തിന്റെ പേരില്‍ വേട്ടയാടി നിയമസഭയില്‍ കസേര വലിച്ചെറിഞ്ഞ് ബഹളമുണ്ടാക്കിയത് മദ്യമുതലാളിമാര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുകയാണ്. നാടുനിളെ മദ്യഷാപ്പ് തുറന്ന് കുടുംബജീവിതം നരകസമാനമാക്കി ഈ സര്‍ക്കാര്‍.

രാജ്യത്ത് കാര്‍ഷികവിളകള്‍ക്ക് മതിയായ വില കിട്ടാതായതോടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. കര്‍ഷകരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന പ്രധാനമന്ത്രിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുല്‍ഗാന്ധി അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഓരോ പ്രസംഗവും ഭാവി പ്രധാനമന്ത്രിയുടെ വാക്കുകളാണ് പ്രകടമാക്കുന്നത് -മുനീര്‍ പറഞ്ഞു.

യോഗത്തില്‍ യു.ഡി.എഫ്. ചെയര്‍മാന്‍ പ്രൊഫ. എ.ഡി.മുസ്തഫ അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുന്‍മന്ത്രി കെ.പി.മോഹനന്‍, സി.എ.അജീര്‍, ഇല്ലിക്കല്‍ അഗസ്തി, വല്‍സലന്‍, മനോജ്, പി.കുഞ്ഞിമുഹമ്മദ്, വി.കെഅബ്ദുള്‍ഖാദര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. നേതാക്കളായ പി.രാമകൃഷ്ണന്‍. സുമാബാലകൃഷ്ണന്‍, ഡോ. കെ.വി.ഫിലോമിന, എ.പി.അബ്ദുള്ളക്കുട്ടി, എം.എ.കരീം തുടങ്ങിയവര്‍ പങ്കെടുത്തു.