കണ്ണൂര്‍: പെണ്‍കുഞ്ഞുങ്ങളെയും ചേലാകര്‍മത്തിന് വിധേയമാക്കുന്നുവെന്ന വാര്‍ത്ത നടുക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അതിക്രൂരവും പ്രാകൃതവുമായ നടപടി കേരളത്തിലുമുണ്ടെന്ന കാര്യം തെളിവുകളോടെ ഇപ്പോഴാണ് പുറത്തുവന്നത്. ഇതിനായി 'മാതൃഭൂമി' നടത്തിയ സാഹസികപരിശ്രമം ശ്ലാഘനീയമാണ്.

ഒരു പരിഷ്‌കൃതസമൂഹത്തിനും അംഗീകരിക്കാനാവാത്തതാണിത്. ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ മാത്രമല്ല, സ്ത്രീത്വത്തോടുള്ള കടന്നാക്രമണം എന്ന നിലയിലും ഇതിനെ ശക്തമായി എതിര്‍ക്കണം. അറിവുള്ളവര്‍ ആരും അംഗീകരിക്കുന്നതല്ല ഇത്. ആഫ്രിക്കയിലെ ചില ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഈ പ്രാകൃത ആചാരം ഉണ്ടെന്നു വ്യക്തമായപ്പോള്‍ മഹിളാസംഘടനകളെല്ലാം അതിനെ ശക്തമായി അപലപിച്ചതാണ്.

വ്യാജചികിത്സയുടെയും കടുത്ത അന്ധവിശ്വാസത്തിന്റെയും പരിധിയില്‍വരുന്ന കാര്യമാണിതെന്നാണ് മനസ്സിലാക്കുന്നത്. ഈ പ്രശ്‌നം 'മാതൃഭൂമി' പുറത്തുകൊണ്ടുവന്ന സാഹചര്യത്തില്‍ ഡി.എം.ഒ.യോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടുകിട്ടിയാല്‍ നിയമവശം കൂടി പരിഗണിച്ച് ശക്തമായ നടപടി സ്വീകരിക്കും -മന്ത്രി ശൈലജ പറഞ്ഞു.