കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തെത്തുടര്‍ന്ന് അലങ്കാര മത്സ്യവിപണി വന്‍ പ്രതിസന്ധിയിലേക്ക്. അലങ്കാരമത്സ്യം വളര്‍ത്തല്‍, പ്രദര്‍ശനം, വിപണനം എന്നീ മേഖലകളാണ് നിയന്ത്രണത്തോടെ പ്രതിസന്ധിയിലാകുക. വിദേശനാണ്യവും ഒട്ടേറെപ്പേര്‍ക്ക് തൊഴിലും നല്‍കുന്ന മേഖലയാണിത്.

കേരളത്തില്‍ ആധുനിക വീടുകളുടെ അലങ്കാരമായി മാറിയിട്ടുണ്ട് അക്വേറിയങ്ങള്‍. 2000 രൂപ മുതല്‍ രണ്ടുലക്ഷംവരെയുള്ള അക്വേറിയങ്ങള്‍ വിപണിയിലുണ്ട്. പത്തുരൂപ മുതല്‍ രണ്ടുലക്ഷത്തിലധികംവരെ വിലവരുന്ന അലങ്കാരമത്സ്യങ്ങളും വില്‍പ്പനയ്ക്കുണ്ട്.

അലങ്കാരമത്സ്യവളര്‍ത്തുകേന്ദ്രങ്ങള്‍, അവയുടെ തീറ്റനിര്‍മാണഫാക്ടറികള്‍, പരിപാലനകോഴ്‌സുകള്‍ തുടങ്ങി വിപുലമായ മേഖലയാണിത്.

എല്ലാവര്‍ഷവും കേരളത്തില്‍നിന്ന് നാടന്‍ഇനങ്ങള്‍ അടക്കമുള്ള കോടികളുടെ അലങ്കാരമത്സ്യങ്ങള്‍ കയറ്റിയയക്കുന്നുണ്ട്. ചൈന, തായ്‌ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് മത്സ്യങ്ങളെ ഇറക്കുമതിയും ചെയ്യുന്നുണ്ട്. കൂറ്റന്‍ അലങ്കാരമത്സ്യപ്രദര്‍ശനങ്ങള്‍ വഴിയും മത്സ്യങ്ങള്‍ വിറ്റുപോകാറുണ്ട്.

കൃത്യമായി കണക്കുകളില്ലെങ്കിലും പതിനായിരക്കണക്കിനുപേര്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്. അക്വേറിയ സജ്ജീകരണത്തിന്റെ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മേഖലയിലും ഒട്ടേറെപ്പേര്‍ തൊഴിലെടുക്കുന്നുണ്ട്.

സ്വര്‍ണമത്സ്യം, ഗപ്പി, പ്ലാന്റീസ്, സോഡ്‌ടെയില്‍, മോളീസ്, എയ്ഞ്ചല്‍, സീബ്രാ, ട്രാസ്, കാറ്റ്ഫിഷ്, റിസ്ബറോ തുടങ്ങി നൂറുകണക്കിന് അലങ്കാരമത്സ്യങ്ങളാണ് അക്വേറിയത്തില്‍ വളര്‍ത്തുന്നത്. കേരളത്തിലെ തോടുകളിലും മറ്റും കാണുന്ന ചെറുമത്സ്യങ്ങള്‍ക്കും ആവശ്യക്കാരേറെയുണ്ട്.

വിശ്വാസവുമായി ബന്ധപ്പെട്ടും പല അലങ്കാരമത്സ്യങ്ങളും വളര്‍ത്തുന്നവരുണ്ട്. ചൈനയില്‍നിന്നാണ് ഭാഗ്യംതരുന്നു എന്ന പേരില്‍ ഇത്തരം മത്സ്യങ്ങള്‍ എത്തുന്നത്. അലങ്കാരമത്സ്യം വളര്‍ത്തുന്നതിനെതിരെ ഇതുവരെ പരിസ്ഥിതിപ്രവര്‍ത്തകരില്‍നിന്നോ എസ്.പി.സി.എ. പോലുള്ള സംഘടനകളില്‍നിന്നോ എതിര്‍പ്പുകള്‍ ഉണ്ടായിട്ടില്ല.