കണ്ണൂര്‍: സാമ്പത്തികമായി പാപ്പരാണെങ്കിലും വിവാദത്തില്‍ എന്നും പ്രഭുത്വമുണ്ട് ഗതാഗതത്തിന്. അതില്‍ അപമാനകരമായതും തികച്ചും രാഷ്ട്രീയപരമായതുമുണ്ട്. ഗതാഗതവകുപ്പിലെ മന്ത്രിമാര്‍ക്ക് ഭരണകാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാതെപോകുന്നത് തുടര്‍ക്കഥയാണ്.

1967-'69-ല്‍ മന്ത്രി ഇമ്പിച്ചിബാവയില്‍ തുടങ്ങുന്നു ആരോപണ പരമ്പര. ഇമ്പിച്ചിബാവയ്ക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെപോയത് ആ സര്‍ക്കാര്‍ മൊത്തത്തില്‍ നിലംപതിച്ചതിനാലാണ്.

ആര്‍. ബാലകൃഷ്ണപിള്ളയുടെ കാലത്തെത്തിയപ്പോള്‍ വിവാദങ്ങള്‍ക്ക് കൂടുതല്‍ എരിവുണ്ടായി. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്നും അവഗണന ഇല്ലാതാക്കാന്‍ പഞ്ചാബ്‌മോഡല്‍ വേണ്ടിവരുമെന്നും പ്രസംഗിച്ചപ്പോള്‍ കേരളം ഇളകി. വിവാദത്തിനൊടുവില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു.

പിന്നീട് 1996-ലെ നായനാര്‍ മന്ത്രിസഭയില്‍ പി.ആര്‍. കുറുപ്പ് മന്ത്രിയായിരിക്കെ മൂന്നാം വര്‍ഷം മുതല്‍ പ്രശ്‌നങ്ങളുണ്ടായി. മന്ത്രിയായിരിക്കാനുള്ള ആരോഗ്യമില്ലെന്നുവരെ ആരോപിക്കപ്പെട്ടു. 1999-ല്‍ പി.ആര്‍. കുറുപ്പ് രാജിവെച്ചു. പകരം ഡോ. നീലലോഹിതദാസ് നാടാര്‍ ഗതാഗതമന്ത്രിയായി. ഓഫീസിനകത്ത് ഫയലുമായെത്തിയ വനിതാ സെക്രട്ടറിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം കേസായതോടെ നീലനും മന്ത്രിസ്ഥാനം നഷ്ടമായി. ആ കേസില്‍ ശിക്ഷിക്കപ്പെട്ട അദ്ദേഹത്തെ മേല്‍ക്കോടതി വിട്ടയച്ചു.

2001-ല്‍ കെ.ബി. ഗണേഷ്‌കുമാര്‍ വകുപ്പ് കൈകാര്യം ചെയ്ത് ശ്രദ്ധേയനായിവരുമ്പോഴാണ് ബാലകൃഷ്ണപിള്ളയ്ക്ക് വീണ്ടും മന്ത്രിയാകാന്‍ തോന്നിയത്. മാധ്യമങ്ങളില്‍ വിവാദവും ചര്‍ച്ചയുമൊക്കെ കൊഴുക്കെ ഗണേഷ് ഗതാഗതമന്ത്രിസ്ഥാനം രാജിവെച്ച് സിനിമാ-സീരിയല്‍ അഭിനയത്തില്‍ വീണ്ടും മുഴുകി. മന്ത്രിയായ ബാലകൃഷ്ണപിള്ളയ്ക്കും അധികകാലം മന്ത്രിയായിരിക്കാന്‍ യോഗമുണ്ടായില്ല. ഇടമലയാര്‍ കേസിലെ പ്രതികൂല വിധിയെത്തുടര്‍ന്നായിരുന്നു രാജി.

2006-ലെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഗതാഗതവകുപ്പ് ആദ്യം കൈകാര്യം ചെയ്ത മാത്യു ടി. തോമസ് പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ കാരണമാണ് കാലാവധിക്കുമുമ്പേ രാജിവെച്ചത്. തുടര്‍ന്ന് മന്ത്രിയായ ജോസ് തെറ്റയിലാകട്ടെ ഇപ്പോഴത്തേതിനെക്കാള്‍ വലിയ കുരുക്കിലകപ്പെട്ടു. അത് മന്ത്രിസ്ഥാനമൊഴിഞ്ഞ് പ്രതിപക്ഷത്ത് എം.എല്‍.എ.യായിരിക്കുമ്പോഴാണെന്നു മാത്രം. ഹൈക്കോടതി തെറ്റയിലിനെ കുറ്റവിമുക്തനാക്കി.