കണ്ണൂര്‍: മുന്‍ കേന്ദ്രമന്ത്രിയും എം.പി.യുമായിരുന്ന ഇ. അഹമ്മദിന്റെ കാര്യത്തില്‍ രാം മനോഹര്‍ ലോഹ്യ ആസ്​പത്രി അധികൃതര്‍ കാണിച്ചത് മെഡിക്കല്‍ എത്തിക്‌സിനുപോലും നിരക്കാത്ത അനീതിയാണെന്ന് മക്കള്‍. പാര്‍ലമെന്റില്‍ കുഴഞ്ഞുവീണതുമുതല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച മണിക്കൂറുകള്‍ക്കിടയില്‍ ഇ. അഹമ്മദിന് എന്താണു സംഭവിച്ചതെന്ന് വ്യക്തമാക്കണം.

ഡോ. ഫൗസിയ ഷര്‍സാദ്, നസീര്‍ അഹമ്മദ്, റഹീസ് അഹമ്മദ് എന്നിവരാണ് മാധ്യമങ്ങളോടു സംസാരിച്ചത്. ഡോ. ഫൗസിയ ഷര്‍സാദാണ് രാം മനോഹര്‍ ലോഹ്യ ആസ്​പത്രിയിലെ അനുഭവങ്ങളെക്കുറിച്ചു പറഞ്ഞത്. 'ഹൃദയമിടിപ്പ് നിലച്ച ഒരാളുടെ ദേഹത്ത് ഘടിപ്പിക്കുന്ന ഉപകരണമാണ് ഉപ്പാന്റെ ദേഹത്ത് ഘടിപ്പിച്ചിരുന്നത്. ഉപകരണം എന്തിനാണുവെച്ചതെന്നു ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി തന്നില്ല. ആസ്​പത്രി അധികൃതരുടെ നടപടികള്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഉപ്പ രക്ഷപ്പെടുമെന്നുതന്നെയായിരുന്നു ഞങ്ങളുടെ വിശ്വാസം. അതിനായി പുറത്തിരുന്ന് പ്രാര്‍ഥിക്കുകയായിരുന്നു ഞങ്ങള്‍' -അവര്‍ പറഞ്ഞു.

ജനങ്ങള്‍ക്കുവേണ്ടിയാണ് ഇ. അഹമ്മദ് നിലകൊണ്ടത്. അതിനാല്‍ അദ്ദേഹത്തിന് എന്താണു സംഭവിച്ചതെന്ന് ലോകം അറിയണം. അതിനുവേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. എന്താണു സംഭവിച്ചതെന്നതിനെക്കുറിച്ച് ആസ്​പത്രി അധികൃതര്‍ വിശദീകരണം നല്‍കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു.