കണ്ണൂര്‍: മൂകാംബിക സംഗീതാരാധനാ സമിതി ഏര്‍പ്പെടുത്തിയ സൗപര്‍ണികാമൃതം പുരസ്‌കാരം ചലച്ചിത്ര സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്ക്. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പിറന്നാള്‍ വേളയില്‍ മൂകാംബിക ക്ഷേത്രസന്നിധിയില്‍ നടത്തുന്ന സംഗീതാരാധനയുടെ ഭാഗമായി നല്‍കിവരുന്നതാണ് പുരസ്‌കാരം. 10,001രൂപയും ബാബു മാനിച്ചേരി രൂപകല്‍പ്പന ചെയ്ത ശില്പവുമടങ്ങിയ പുരസ്‌കാരം ജനുവരി പത്തിന് ക്ഷേത്രത്തില്‍വെച്ച് യേശുദാസ് സമ്മാനിക്കുമെന്ന് സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
യേശുദാസിന്റെ 77-ാം പിറന്നാളായ ജനുവരി പത്തിന് ഇത്തവണയും മൂകാംബിക ക്ഷേത്രത്തില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ സംഗീതാരാധന നടത്തും. വി.വി.പ്രഭാകരന്‍, സി.സദാനന്ദന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.