പാലക്കാട്: വ്യവസായവികസനത്തിന് പ്രധാന തടസ്സങ്ങളിലൊന്നാണ് സുരക്ഷയെക്കുറിച്ചുള്ള നാട്ടുകാരുടെ ആശങ്ക. അപകടകരമായ രാസവസ്തുക്കളും വാതകങ്ങളും കൈകാര്യംചെയ്യുന്ന തൊഴില്‍ശാലയാണെങ്കില്‍ പറയാനുമില്ല. ഇവിടെയാണ് സംസ്ഥാനത്തിന് മാതൃകയാക്കാവുന്ന അപകടസുരക്ഷാ കൂട്ടായ്മയൊരുക്കി കഞ്ചിക്കോട് വ്യവസായമേഖലയിലെ 11 കമ്പനികള്‍ ശ്രദ്ധേയമാവുന്നത്.

സുരക്ഷാരംഗത്ത് വൈദഗ്ധ്യം നേടിയ തൊഴിലാളികളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ മ്യൂച്വല്‍ എയ്ഡ് ഗ്രൂപ്പ് (കിമാഗ്) ആണ് ഇവരുടെ സുരക്ഷയുടെ സൂത്രവാക്യം. 11 കമ്പനികളില്‍നിന്ന് തിരഞ്ഞെടുത്ത 120 തൊഴിലാളികളെ പ്രത്യേകപരിശീലനം നല്‍കിയാണ് ഒരുക്കിയിട്ടുള്ളത്. സേഫ്റ്റി കൗണ്‍സില്‍ ഓഫ് കേരളയ്ക്കാണ് നിയന്ത്രണച്ചുമതല.

തീപ്പിടിത്തം, വാതകച്ചോര്‍ച്ച തുടങ്ങിയ സമയത്ത് കമ്പനികളുടെ സ്വയംരക്ഷാ മാര്‍ഗങ്ങള്‍ ഫലിക്കാതെ വരുമ്പോഴാണ് കിമാഗിന്റെ പ്രസക്തി. ഏതുസമയത്തും കമ്പനി പ്രതിനിധിക്ക് സേഫ്റ്റി കൗണ്‍സില്‍ സെക്രട്ടറിയോട് സഹായമഭ്യര്‍ഥിക്കാം. 10 മിനിറ്റിനുള്ളില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളോടെ സേനാംഗങ്ങള്‍ സ്ഥലത്തെത്തും.

അപകടസമയത്ത്, കൂട്ടായ്മയിലുള്ള കമ്പനിയില്‍ കടക്കാന്‍ സേനയ്ക്ക് പ്രത്യേകാനുമതി വേണ്ട. അഗ്നിരക്ഷാ സേന, പോലീസ് എന്നിവയുടെ സഹായത്തിന് കാത്തുനില്‍ക്കാതെ അപകടതീവ്രത കുറയ്ക്കാനുള്ള നടപടിക്കാണ് സേന മുന്‍തൂക്കം നല്‍കുക.

മലബാര്‍ സിമന്റ്‌സ്, ബെമല്‍, പ്രീകോട്ട് മില്ലിന്റെ എ, സി യൂണിറ്റുകള്‍, മാരികോ, യുണൈറ്റഡ് ബ്രൂവറീസ്, ഐ.ടി.ഐ., എച്ച്.പി.സി.എല്‍., പാറ്റ്‌സ്​പിന്‍ ഇന്ത്യ, റൂഫില ഇന്റര്‍നാഷണല്‍, സെയ്ന്റ് ഗോബൈന്‍ ഇന്ത്യ എന്നീ കമ്പനികളാണ് കിമാഗിലെ അംഗങ്ങള്‍. കൂട്ടായ്മ വിപുലീകരിക്കുമെന്നും സേഫ്റ്റി കൗണ്‍സില്‍ സെക്രട്ടറി പി. വേണുഗോപാലന്‍ പറഞ്ഞു.

അത്യാഹിതത്തെ സമചിത്തതയോടെ നേരിടാനുള്ള അവബോധം തൊഴിലാളികളിലും നാട്ടുകാരിലും വളര്‍ത്തുക, ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുക എന്നിവയിലുള്ള പരിശീലനവും സേനയ്ക്കുണ്ട്.