പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയിലേക്കുള്ള റെയില്‍പ്പാതയ്ക് സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചിട്ടും റെയില്‍വേയുടെ അനുമതിയായില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് പ്രയോജനപ്പെടുന്ന പാതയുടെ പഠനറിപ്പോര്‍ട്ട് ദക്ഷിണ റെയില്‍വേ ആസ്ഥാനത്താണിപ്പോള്‍.

300 മെട്രോ കോച്ചുകള്‍ നിര്‍മിക്കാന്‍ ബെമലിന് കരാര്‍ കിട്ടിയിട്ടുണ്ട്. നവംബറോടെ ഇതിന്റെ ഉത്പാദനം തുടങ്ങും. റെയില്‍പ്പാതയില്ലാത്തതിനാല്‍ റോഡുമാര്‍ഗമാണ് ഇപ്പോള്‍ കോച്ചുകള്‍ കൊണ്ടുപോകുന്നത്. ബെമല്‍ കഞ്ചിക്കോട് യൂണിറ്റില്‍ ഇതുവരെ 274 തീവണ്ടി കോച്ചുകള്‍ നിര്‍മിച്ചിട്ടുണ്ട്. റെയില്‍പ്പാത യാഥാര്‍ഥ്യമായാല്‍ റോഡ്മാര്‍ഗം കൊണ്ടുപോകുന്ന അധികച്ചെലവ് ഒഴിവാക്കാനാകും.

2009 സെപ്റ്റംബറില്‍ ബെമല്‍ സി.എം.ഡി. കേരള വ്യവസായ മന്ത്രിക്ക് റെയില്‍പ്പാളത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടി നിവേദനം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2010 സെപ്റ്റംബര്‍ എട്ടിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് 44.83 കോടി അനുവദിച്ചു. മേല്‍നോട്ട ചുമതലയുള്ള കിന്‍ഫ്രയ്ക്കായിരുന്നു തുക അനുവദിച്ചത്.

2012 മാര്‍ച്ചില്‍ റൈറ്റ്‌സ് (റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ്) പാതയെപ്പറ്റി പഠനം നടത്തി പദ്ധതി സമര്‍പ്പിച്ചു. പഠനത്തില്‍ 71 കോടിയാണ് അന്ന് ചെലവായി കണക്കാക്കിയിരുന്നത്. തുടര്‍നടപടികളില്ലാതെ ഈ ഫയലുകള്‍ ഇപ്പോഴും ദക്ഷിണ റെയില്‍വേ ചീഫ് പ്ലാനിങ് ആന്‍ഡ് ഡിസൈന്‍ എന്‍ജിനീയറുടെ ഓഫീസിലാണ്.

കഞ്ചിക്കോട് റെയില്‍വേസ്റ്റേഷനില്‍നിന്ന് ബെമലിലേക്കുള്ള നിശ്ചിതപാതയ്ക്ക് അഞ്ചു കിലോമീറ്ററാണ് ദൂരം. ആലമരം ജങ്ഷന് 250 മീറ്റര്‍ പരിസരത്തുകൂടി വീടുകള്‍ പരമാവധി ഒഴിവാക്കി പാത നിര്‍മിക്കാനാണ് പദ്ധതി. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ റവന്യൂ അധികൃതരുമായി പ്രാഥമിക ചര്‍ച്ചയും നടത്തിയിരുന്നു.

2014-ല്‍ പാതയുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡിന് കത്ത് നല്‍കിയിരുന്നെങ്കിലും ഈ കത്ത് ദക്ഷിണ റെയില്‍വേ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ക്ക് കൈമാറുക മാത്രമാണ് ചെയ്തത്. കഴിഞ്ഞമാസം ബെമല്‍ അധികൃതര്‍ കിന്‍ഫ്ര മുഖാന്തരം റെയില്‍വേക്ക് വീണ്ടും കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. 2012-ല്‍ 71 കോടിയായി കണക്കാക്കിയ പദ്ധതി ചെലവ് ഇപ്പോള്‍ 100 കോടിയെങ്കിലുമാവും. ഇനി വിശദ പദ്ധതിരേഖയും തയ്യാറാക്കേണ്ടതുണ്ട്.